സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു
text_fieldsകോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികൾ പുറത്തുവന്ന നിലയിൽ കൽക്കൂന്തൽ ബസ് കാത്തിരിപ്പ് കേന്ദ്രം
നെടുങ്കണ്ടം: അടര്‍ന്നു വീഴുന്നതും പൊട്ടിത്തകര്ന്നതുമായ കോണ്‍ക്രീറ്റ്, തുരുമ്പെടുത്ത കമ്പികൾ, ചപ്പുചവറുകൾ കുമിഞ്ഞുകുടി ദുർഗന്ധം വമിക്കുന്ന മുറികൾ. കൽക്കൂന്തൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയാണിത്. തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം പഞ്ചായത്തിലെ കൽക്കൂന്തൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. വർഷങ്ങളായി യാത്രക്കാർ ഈ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഭയന്നുവിറച്ചാണ് പ്രവേശിക്കുന്നത്.
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കാത്തിരിപ്പ് കേന്ദ്രം. വർഷങ്ങളായി കാത്തിരിപ്പ് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ മുറികൾ വൃത്തിയാക്കുകയോ ചെയ്യുന്നില്ല. ഇവിടത്തെ അസഹനീയ ദുര്‍ഗന്ധം യാത്രക്കാര്‍ക്കും സമീപത്ത് താമസിക്കുന്ന വീട്ടുകാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മേല്‍ക്കൂരയിലെ കോണ്ക്രീറ്റുകൾ അടര്‍ന്നുവീഴുകയാണ്. പല ദിവസങ്ങളിലും കോണ്ക്രീറ്റുകൾ അടര്‍ന്ന് പലരുടെയും ദേഹത്ത് വീണിട്ടുണ്ട്. ഇരിപ്പിടങ്ങളിലെ കോണ്ക്രീറ്റുകൾ പൊട്ടിത്തകര്‍ന്ന് തുരുമ്പെടുത്ത കമ്പികൾ തെളിഞ്ഞും നില്‍ക്കുകയാണ്. ഇതെല്ലാം അറിഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി മൗനത്തിലാണ്.