ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീട് നിര്‍മിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മകൾക്കെതിരെ പരാതിയുമായി വയോ ദമ്പതികള്‍
text_fieldsപൊളിച്ചിട്ട വീടിന് മുന്നിൽ വയോ ദമ്പതികള്‍
നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീട് നിര്‍മിക്കാന്‍ അനുവദിക്കാതെ മകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി വയോ ദമ്പതികളുടെ പരാതി. നെടുങ്കണ്ടം കൈലാസപ്പാറമെട്ട് അഞ്ചേക്കര്കാനം കുന്നുകുഴി വീട്ടില്‍ ലൂര്‍ദ്(77), ഭര്‍ത്താവ് രാജയ്യ(79) എന്നിവരാണ് ഇളയ മകള്‍ക്കെതിരെ പരാതികളുമായി വിവിധ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിര്‍മാണത്തിനാണ് മകള്‍ നിരന്തരം തടസ്സം സൃഷ്ടിക്കുന്നത്. പഴകി ജീര്‍ണിച്ച വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മാണം തുടങ്ങിയത്. നിലവില്‍ ഒറ്റമുറി വാടക വീട്ടിലാണ് രോഗികളായ ദമ്പതികള്‍ അന്തിയുറങ്ങുന്നത്.
മാതാപിതാക്കളെയും വീട് പണിക്കെത്തുന്നവരെയും പ്രശ്ന പരിഹാരത്തിനെത്തുന്ന ജനപ്രതിനിധികളെയും മകള്‍ ഭീഷണിപ്പെടുത്തുകയാണ്. ആയുധം വീശി വധഭീഷണി മുഴക്കി. വീട് പണിതാല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച പല തവണ പൊലീസില്‍ പരാതി നല്‍കുകയും പൊലീസും ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും പ്രശ്നങ്ങളുമായി മകള്‍ രംഗത്തെത്തുകയാണെന്നും രാജയ്യ പറയുന്നു. ഇത് മൂലം ആരും പണിക്ക് എത്താത്ത സാഹചര്യമാണുള്ളത്. ദമ്പതികളുടെ പേരില്‍ ആകെ ഉണ്ടായിരുന്ന 15 സെന്റ് സ്ഥലത്തിൽ അഞ്ച് സെന്റ് വീതം മൂത്ത മകള്‍ക്കും ഇളയ മകള്‍ക്കും എഴുതി നല്‍കിയിരുന്നു. ബാക്കി അഞ്ച് സെന്റ് ദമ്പതികള്‍ക്കും മറ്റ് രണ്ട് മക്കള്‍ക്കും കൂടി കണക്കാക്കി നീക്കി വെച്ചിരിക്കുന്നതാണ്. ഈ സ്ഥലം ദമ്പതികളുടെ മരണ ശേഷം തന്റെ പേര്‍ക്ക് എഴുതി വെക്കണണമെന്ന് ആവശ്യപ്പെട്ടാണ് മകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സഹോദരിയുടെ ഭീഷണി ഭയന്ന് മൂത്ത മകൾ വീട് ഉപേക്ഷിച്ചു പോയി.
മുമ്പ് ടൗണില്‍ ലോട്ടറി കച്ചവടത്തിന് പോയിരുന്നങ്കിലും ഇപ്പോള്‍ രോഗം മൂലം അതിനും സാധിക്കാത്ത അവസ്ഥയിലാണ് രാജയ്യ. പണി തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവുണ്ടെങ്കിലും വകവെക്കാതെയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വീടിന്റെ ആദ്യ ഘട്ടം 48,000 രൂപ ദമ്പതികള്‍ കൈപ്പറ്റിയതാണ്. കൃത്യ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ലങ്കില്‍ ഭവന നിര്‍മാണത്തിന് അനുവദിച്ച തുക അസാധുവായിപോകുമെന്ന ആശങ്കയും ഇവര്‍ പങ്കുവക്കുന്നു. മകൾ രാഷ്ടീയ പിന്തുണയുടെ ബലത്തിലാണ് തങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ദമ്പതികള്‍ പറയുന്നു.