ഭിന്നശേഷി കുട്ടികളുടെ കലോത്സവഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്ക് ബാഗ് വാങ്ങിയെന്ന് ആരോപണം
text_fieldsനെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന് ചെലവഴിക്കേണ്ട തുക ഉപയോഗിച്ച് ബാഗുകള്‍ വാങ്ങി പഞ്ചായത്ത് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്തതായി യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. മുന്‍വര്‍ഷങ്ങളില്‍ 75,000 രൂപയാണ് കലോത്സവത്തിനായി മാറ്റിവച്ചിരുന്നത്.
ഈ വര്‍ഷം തുക ഒരുലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും 73,000 രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക കൈക്കലാക്കുന്നതിനായി അംഗങ്ങളെ സ്വാധീനിക്കാന്‍ ബാഗുകള്‍ വാങ്ങിനല്‍കുകയായിരുന്നു. ഓണാഘോഷത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവാണ് പഞ്ചായത്തില്‍ നടത്തിയത്. ഇതിന്റെ കണക്കുകളോ കേരളോത്സവത്തിന്റെ കണക്കുകളോ പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ചിട്ടില്ല. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ അഴിമതി കൊടികുത്തിവാഴുന്നതായും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അഴിമതികള്‍ക്കെതിരെ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യു.ഡി.എഫ് അംഗങ്ങളായ മിനി പ്രിന്‍സ്, സുനില്‍ പൂതക്കുഴിയില്‍, നടരാജപിള്ള, ആന്‍സി തോമസ്, ശ്യാമള മധുസൂദനന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. കുഞ്ഞുമോന് എന്നിവര്‍ പറഞ്ഞു.