ചക്കക്കാനം എസ്.സി കോളനിയിൽ 10 വർഷം കഴിഞ്ഞിട്ടും കുടിവെള്ളം വിലയ്ക്ക് വാങ്ങുന്നു
text_fieldsചക്കക്കാനം കുടിവെള്ള പദ്ധതിയുടെ ജലസംഭരണി
നെടുങ്കണ്ടം: കുടിവെള്ള പദ്ധതി ആരംഭിച്ച് 10 വര്‍ഷമായിട്ടും വെള്ളം വേണമെങ്കില്‍ വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ചക്കക്കാനം എസ്.സി കോളനി നിവാസികള്‍. പദ്ധതി ആരംഭിച്ചത് 2015 ൽ ആണെങ്കിലും കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയത് 2018 ജനുവരിയിലായിരുന്നു. അന്ന് മന്ത്രി എം.എം. മണി ഉദ്ഘാടനം നടത്തിയപ്പോൾ പ്രഖ്യാപിച്ചത് ചക്കക്കാനം എസ്.സി കോളനി നിവാസികൾ ഇനി കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട എന്നായിരുന്നു. എന്നാല്‍, ഒരുവര്‍ഷം പോലും പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2018 ല്‍ കോളനിയില്‍ കുടിവെള്ളമെത്തിയത്. സമീപ വാസികളായ 100 പേര്‍ക്കുകുടി വെള്ളം ഉപയോഗിക്കാനാവുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍, നിലവിലെ 42 കുടുംബങ്ങള്‍ക്കുകൂടി വെള്ളംകുടി മുട്ടിയതല്ലാതെ മറ്റ് പ്രയോജനമൊന്നുമുണ്ടായില്ല.
ജില്ലയില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന കരുണാപുരം പഞ്ചായത്തിന്റെ നാലാം വാര്‍ഡിലാണ് കുടിവെള്ള പദ്ധതി. 2014-15 സാമ്പത്തിക വര്‍ഷം രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എസ്.സി കോളനിയില്‍ 25 ലക്ഷം രൂപ ചെലവില്‍ നെടുങ്കണ്ടം ബ്ലോക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ശുദ്ധജല പദ്ധതി ആരംഭിച്ചത്.മോട്ടോറും കുളവും കോമ്പമുക്കിലാണ് സ്ഥിതിെചയ്യുന്നത്. അതുകൊണ്ട് തുടക്കത്തിലെ മിക്ക ദിവസങ്ങളിലും പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുമായിരുന്നു.
2014-15 ലെ ശിലാഫലകം
ജലസംഭരണിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന മോട്ടോറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം പ്രാഥമിക ആവശ്യങ്ങള്‍ക്ക് മറ്റൊരു പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളത്തെ ആശ്രയിക്കുന്ന ഇവര്‍ കുടിവെള്ളം 700 മുതല്‍ 1000 രൂപ വരെ വില കൊടുത്ത് വാങ്ങുകയാണ്.കുഴല്‍ക്കിണറുകളോ മറ്റ് ശുദ്ധജല സ്രോതസ്സുകളോ ഇല്ലാത്ത 42 കുടുംബങ്ങളാണ് വേനൽക്കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
വേനല്‍ കടുക്കുന്നതോടെ തോട്ടങ്ങളിലും മറ്റും ജോലിക്ക് പോയി കുടുംബ ജീവിതം നയിക്കുന്ന ഇവര്‍ കുടിവെള്ളത്തിന് മാത്രമായി നല്ലൊരു തുക ആഴ്ചയില്‍ മാറ്റിവെക്കേണ്ടി വരുന്നു. കുടിവെള്ള ക്ഷാമം അടിയന്തിര പ്രാധാന്യം നല്കി എത്രയും വേഗം പരിഹരിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.