വ്യാജ ബാധ്യത സര്‍ട്ടിഫിക്കറ്റ് നിർമാണം; കമ്പ്യൂട്ടർ സ്ഥാപന ഉടമ ഒളിവിൽ
text_fieldsനെടുങ്കണ്ടം: വ്യാജ ബാധ്യത സര്‍ട്ടിഫിക്കറ്റ് നിര്‍മാണം നടക്കുന്നെന്ന പരാതിയെത്തുടർന്ന് തൂക്കുപാലത്തെ ജനസേവന കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സെന്ററിൽ പൊലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പ്രിന്ററും പിടിച്ചെടുത്തു. ചില സാധനങ്ങള്‍ ഉടമ ഒളിപ്പിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതറിഞ്ഞതോടെ സ്ഥാപന ഉടമ ഒളിവിലാണ്.
ബാധ്യത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാനെത്തിയ വ്യക്തിയോട് 2000 രൂപ വാങ്ങി രണ്ടു ദിവസത്തിനകം വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. അപേക്ഷകന് സര്‍ട്ടിഫിക്കറ്റുമായി മുണ്ടിയെരുമയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് വ്യാജമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസ് അധികൃതര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നൽകി.
അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് പയോഗിച്ച് മറ്റെന്തെങ്കിലും ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും ജനസേവന കേന്ദ്രം ഉടമ മറ്റെന്തെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.