ജില്ല കായികമേള; ‘100 അടി’ മുന്നിൽ കട്ടപ്പന
text_fields1.സീനിയർ ഗേൾസ് 400 മീറ്റർ ഹർഡിൽസ്. ജോബിന ജോബി ജി.ടി.എച്ച്.എസ് കട്ടപ്പന,2.ജൂനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസ്. ആൽബിൻ തോമസ് സെന്റ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാർ
നെടുങ്കണ്ടം: മഴപ്പേടിയില്ലാത്ത മാനത്തിനു കീഴിൽ രണ്ടാം ദിനവും മലനാടിന്റെ കരുത്ത് മാറ്റുരച്ച ട്രാക്കിൽ കട്ടപ്പനക്ക് വൻ മുന്നേറ്റം. നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്കിൽ വേഗവും ദൂരവും തിരുത്തിക്കുറിച്ച് ജില്ല കായികമേളയുടെ രണ്ടാം ദിനവും കട്ടപ്പന ഉപജില്ല കിതപ്പില്ലാതെ കുതിക്കുന്നു. എതിരാളികളെ 100 അടി പിന്നിലാക്കിയ കട്ടപ്പന ഉപജില്ല 28 സ്വർണവും 34 വെള്ളിയും 16 വെങ്കലവുമായി 284 പോയന്റ് നേടിയാണ് മുന്നിൽ കുതിക്കുന്നത്.
രണ്ടാം സ്ഥാനക്കാരായ അടിമാലി ഉപജില്ല 20 സ്വർണവും 15 വെള്ളിയും 18 വെങ്കലവുമായി 176 പോയന്റ് കരസ്ഥമാക്കി. ആറ് സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമായി 78 പോയന്റോടെ ആതിഥേയരായ നെടുങ്കണ്ടം ഉപജില്ലയാണ് മൂന്നാമത്. തൊടുപുഴക്ക് 45 പോയന്റും മൂന്നാറിന് 11 പോയന്റും അറക്കുളത്തിന് ഒമ്പത് പോയന്റുമുണ്ട്. 10 സ്വർണവും 10 വെള്ളിയും രണ്ട് വെങ്കലവുമായി 82 പോയന്റുമായി കട്ടപ്പന ഉപജില്ലയിലെ കാൽവരിമൗണ്ട് എച്ച്.എസാണ് സ്കൂളുകളിൽ ഒന്നാമത്.
കട്ടപ്പന ഉപജില്ലയിലെ തന്നെ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് ആറ് സ്വർണവും 14 വെള്ളിയും നാല് വെങ്കലവുമായി 76 പോയന്റുമായി രണ്ടാമതാണ്. അടിമാലി ഉപജില്ലയിലെ എൻ.ആർ സിറ്റി, എസ്.എൻ.വി. എച്ച്.എസ്.എസ് ആറ് സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമായി മൂന്നാമതാണ്.
പോയന്റ് നില
- കട്ടപ്പന 284
- അടിമാലി 176
- നെടുങ്കണ്ടം 78
- പീരുമേട് 54
- തൊടുപുഴ 45
- മൂന്നാർ 11
- അറക്കുളം 9
സ്കൂൾ
- സി.എച്ച്.എസ് കാൽവരിമൗണ്ട് 82
- സെന്റ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാർ 76
- എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റി 54


