വൃത്തിയും വെടിപ്പും സ്ഥലസൗകര്യവുമില്ല, അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍
text_fieldsനെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍
നെടുങ്കണ്ടം: വൃത്തിയും വെടിപ്പും സ്ഥലസൗകര്യവുമില്ലാതെ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍. ഉടുമ്പന്‍ചോല താലുക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് നാല് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ചതാണ് പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍.എന്നാലിത് പുതുക്കി പണിയണമെന്ന ആവശ്യം വര്‍ഷങ്ങളായി തുടരുകയാണ്.
കെട്ടിട നിര്‍മാണം പാതിവഴിയില്‍ മുടങ്ങി വര്‍ഷങ്ങളോളം വെയിലും മഴയുമേറ്റ് കിടന്ന ശേഷം 95 ലായിരുന്നു ഉദ്ഘാടനം. നിലവിലുള്ള ഹാളില്‍ 250 പേര്‍ക്ക് ഇരിക്കുവാനുള്ള സ്ഥല സൗകര്യങ്ങള്‍ മാത്രമാണുള്ളത്. സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സംഘടനകളുടെയും വിവിധ പരിപാടികള്‍ എല്ലാദിവസവും ഹാളില്‍ നടക്കുന്നുണ്ടെങ്കിലും സ്ഥലസൗകര്യമില്ലാത്തതുമൂലം പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ വെളിയില്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
ജനറേറ്റര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി പോയാല്‍ വിയര്‍ത്തുകുളിച്ച് ഇരിക്കേണ്ടിവരും. വിവാഹാവശ്യത്തിന് ഹാള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് വെള്ളം സുലഭമായി ലഭിക്കാത്തതു മൂലം വെള്ളം വിലകൊടുത്തു വാങ്ങുകയാണ്. നിലവിലുള്ള ഹാളിന്റെ രണ്ടുവശങ്ങളിലുമായി രണ്ടു മിനി ഹാളുകള്കൂടി ഉണ്ടെങ്കിലും ഇവയിലൊന്ന് അഗ്നിരക്ഷ സേനക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. മറ്റൊന്നില്‍ പഞ്ചായത്തിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതു പരിപാടികള്‍ക്കും സാംസ്ക്കാരിക സമിതികളുടെ നാടകം, ഗാനമേള തുടിയ വിവിധ കലാപരിപാടികള്‍ക്കും, രണ്ടായിരം പേര് പങ്കെടുക്കുന്ന കല്യാണ ആവശ്യങ്ങള്‍ക്കും നെടുങ്കണ്ടത്ത് സൗകര്യമില്ലാത്തതിനാല്‍ നന്നേ പാടുപെടുകയാണ്. മൂവായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ടൗണ്‍ ഹാള്‍ നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. രണ്ട് മിനി ഹാളുകളും നിലവില്‍ ഉപയോഗ ശൂന്യമാണ്.
നിലവിലുള്ള മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഇവിടെത്തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹാള്‍ നിര്‍മിക്കാനാകും. കായിക സ്റ്റേഡിയത്തിനു സമീപത്തായി ട്രഷറി ക്വാര്‍ട്ടേഴ്സിനും റവന്യൂ ക്വാര്‍ട്ടേഴ്സിനും ഇടയിലായി ആവശ്യമായ സ്ഥലം ലഭ്യമാണ്. മുമ്പ് ഇത്തരത്തില്‍ ആലോചന നടന്നിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. സ്റ്റേഡിയത്തിന് സമീപത്തുതന്നെ പുതിയ ടൗണ്‍ഹാള്‍ നിര്‍മിച്ചാല്‍ വാഹന പാര്‍ക്കിങും എളുപ്പമാകും.
നിലവില്‍ കിഴക്കേകവലയിലുള്ള കമ്യൂണിറ്റി ഹാളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ കരുണ ആശുപത്രി റോഡില്‍ പാര്‍ക്കുചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. സാംസ്ക്കാരിക സമിതികളും മറ്റും നാടകം പോലുള്ള പല പരിപാടികളും സ്ഥല സൗകര്യമില്ലാത്തതിനാല്‍ നടത്താറില്ല. കല്ല്യാണ വിരുന്നുകളും മറ്റും കിലോ മീറ്ററുകള്‍ ദൂരെയാണ് പലരും നടത്താറുള്ളത്.
ഹാളിന്റെ താക്കോലും മറ്റും ചില സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ കസേര അടക്കം പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്. കാലപഴക്കം ചെന്ന കെട്ടിടമായതിനാല്‍ അങ്ങിങ്ങായി പൊട്ടി പൊളിഞ്ഞു തുടങ്ങി. ഉദ്ഘാടനത്തിന് ശേഷം ഈ കെട്ടിടം പെയിൻറ് കണ്ടിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. മാറി മാറി വരുന്ന ഭരണ സമിതി ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാറില്ല. ഫണ്ട് മാറ്റി വെച്ചിട്ടുണ്ടെന്ന പതിവ് പല്ലവിയില്‍ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുകയാണെന്നാണ് പരാതി.