ഇടുക്കിയുടെ അഭിമാനമായ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയം അപമാനമാകുമോ?
text_fieldsബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ല് ഉണങ്ങി നശിച്ച നെടുങ്കണ്ടം സ്റ്റേഡിയം
നെടുങ്കണ്ടം: കേരളത്തിന്റെ കായികക്കുതിപ്പിന് പ്രതീക്ഷയേകിയ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമായപ്പോഴേക്കും നാശത്തിലേക്ക്. ലക്ഷങ്ങള്‍ മുടക്കി ഫീല്‍ഡില്‍ നട്ട വിദേശ ഇനം ബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ല് ഉണങ്ങി നശിച്ചു. പുല്ല് നനക്കാനുള്ള സ്പ്രിംഗ്ലര്‍ സംവിധാനം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
അന്തരീക്ഷ താപനില മനസ്സിലാക്കി സ്വയം പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്ലറാണ് സ്റ്റേഡിയത്തില്‍ സജ്ജീകരിക്കേണ്ടത്. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയമാണിത്. കിഫ്ബിയില്‍നിന്ന് 10 കോടിയും സര്‍ക്കാര്‍ വിഹിതമായ മൂന്നുകോടിയും നെടുങ്കണ്ടം പഞ്ചായത്തിന്റെ ഒരുകോടിയും ചെലവഴിച്ചാണ് നെടുങ്കണ്ടത്ത് സ്റ്റേഡിയം പണിതത്. 2024 ഫെബ്രുവരി മൂന്നിനാണ് ഇവിടെ വിസില്‍ മുഴങ്ങിത്തുടങ്ങിയത്.
ഒരുവര്‍ഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിന് കൈമാറിയിട്ടില്ല. ചെലവായ തുകയെ സംബന്ധിച്ച് നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയും കരാറുകാരനും തമ്മില്‍ തര്‍ക്കമുയര്‍ന്നതോടെ പണികള്‍ ഉപേക്ഷിച്ച് കരാറുകാരന് മടങ്ങി. കിറ്റ്കോ നിയോഗിച്ച കരാറുകാരനാണ് പുല്ലിന്റെ സംരക്ഷണ ചുമതല.
പുതുതായി ബര്‍മുഡ ഗ്രാസ് വെച്ചുപിടിപ്പിക്കാൻ ചെലവാക്കേണ്ട തുക ആരു മുടക്കും എന്നതിലും തര്‍ക്കം തുടരുകയാണ്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തില്‍ നിർമിച്ച ഫുട്ബാള്‍ ഫീല്ഡുമടങ്ങുന്ന ഫ്ലഡ്ലിറ്റ് സ്റ്റേഡിയമാണ് ഒരുക്കിയത്. ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റിരിയല്സ് ഉപയോഗിച്ചാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചത്. അഞ്ച് സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന സ്ഥലം സ്റ്റേഡിയത്തിനായി ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുകയായിരുന്നു.