പ്രദേശവാസികളുടെ ദാഹമകറ്റുമോ?; പത്തനിപ്പാറ ശുദ്ധജല പദ്ധതി മുടങ്ങിയിട്ട്അഞ്ചുവർഷം
text_fieldsപത്തനിപ്പാറ ഗാന്ധിനഗര്‍ ശുദ്ധജല പദ്ധതിയുടെ കുളം കാടുമൂടിയ നിലയില്‍
നെടുങ്കണ്ടം: ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ആറുമാസം ബാക്കിനില്‍ക്കെ പാമ്പാടുംപാറ പഞ്ചായത്തില്‍ അഞ്ചുവര്‍ഷമായി മുടങ്ങി കിടക്കുന്ന ശുദ്ധജല പദ്ധതി ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
പാമ്പാടുംപാറ പത്തനിപ്പാറ ഗാന്ധിനഗര്‍ ശുദ്ധജല പദ്ധതിയാണ് അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. ഇതോടെ 100 കുടുംബങ്ങളുടെ കുടിവെള്ളമാണ് മുടങ്ങിയത്. സാധാരണക്കാരും തൊഴിലാളികളുമടക്കം 700 മുതല്‍ 1000 രൂപ വരെ കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്.
പാമ്പാടുംപാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്ക് പ്രയോജനമാകേണ്ട പദ്ധതിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. മഴക്കാലത്തുപോലും കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയാണിത്. കുടിവെള്ളം വിതരണം ചെയ്യുന്ന ഇരുമ്പ് പൈപ്പുകള്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ തുരുമ്പെടുത്ത് നശിച്ചതോടെ ആരും തിരിഞ്ഞു നോക്കാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇതോടെ കുളം കാടുമൂടുകയും സംരക്ഷണഭിത്തിക്ക് വിള്ളല്‍ രൂപപ്പെടുകയും ചെയ്തു. സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ സ്ഥലത്ത് 2005ലാണ് കുളം കുഴിച്ച് ജില്ല പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്.
ജല വിതരണ പൈപ്പുകള്‍ തുരുമ്പെടുത്ത് നശിച്ചതോടെയാണ് പദ്ധതി മുടങ്ങിയത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചതാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്.
പ്രദേശത്ത് കുഴല്‍ക്കിണറുകളോ മറ്റ് ശുദ്ധജല സ്രോതസ്സുകളോ ഇല്ലാത്ത നൂറോളം കുടുംബങ്ങളാണ് വേനല്‍കാലത്ത് ദുരിതമനുഭവിക്കുന്നത്.
ജലക്ഷാമം രൂക്ഷമായ ജനുവരി മുതല്‍ മേയ് വരെയാണ് ഏറെ ദുരിതം. തോട്ടങ്ങളിലും മറ്റും ജോലിക്കുപോകുന്നവർക്ക് കുടിവെള്ളം വാങ്ങാൻ നല്ലൊരു തുക മാറ്റി വെക്കേണ്ടിവരുന്നു.
പ്രദേശവാസികള്‍ നിരവധി തവണ പരാതിയുമായി ത്രിതല പഞ്ചായത്തുകളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല, അഞ്ചുവര്‍ഷമായി പദ്ധതി പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. ജലക്ഷാമം പരിഹരിക്കാൻ അടിയന്തര പ്രാധാന്യം നല്കി എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.