നെടുങ്കണ്ടം ടൗണിലെ കുട്ടിവനം ഭീഷണിയാകുന്നു
text_fieldsനെടുങ്കണ്ടം കിഴക്കേകവല പൊതുമരാമത്ത് ഓഫിസിനു മുന്നിൽ വളര്‍ന്നു നിൽക്കുന്ന കാട്
നെടുങ്കണ്ടം: പട്ടണനടുവിലെ കുട്ടിവനം കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീതി വിതക്കുകയാണ്. നെടുങ്കണ്ടം കിഴക്കേ കവലയിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസിനും സര്‍വശിക്ഷ അഭിയാന് ഓഫിസിനും എ.ഇ.ഒ ഓഫിസിനും പഞ്ചായത്ത് യു.പി സ്കൂളിനും നടുവിലായാണ് സംസ്ഥാന പാതയോരത്ത് കാട് വളര്‍ന്നു നില്‍ക്കുന്നത്.
സമീപത്തെ രണ്ട് സര്‍ക്കാര്‍ സ്കൂളിലെയും കോളജിലെയും ബി.എഡ് കോളജിലെയും വിദ്യാര്‍ഥികളും അധ്യാപകരും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും കോടതി ജീവനക്കാരുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ ബസില്‍ കയറിയിറങ്ങുന്ന സ്റ്റോപ്പിലാണ് കാട്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയോരത്തെ ഈ കാട്ടില്‍ നിരവധി ഇഴജന്തുക്കളും കാട്ടുമൃഗങ്ങളുമുള്ളതായി ജനങ്ങള്‍ ഭയപ്പെടുന്നു.
വെട്ടി വൃത്തിയാക്കണമെന്ന് പല തവണ ഗ്രാമപഞ്ചായത്തിലും പൊതുമരാമത്ത് ഓഫിസിലും താലൂക്ക് സഭയിലും ആവശ്യം ഉന്നയിച്ചതാണ്. വീതി കുറഞ്ഞതും വണ്‍വേ സംവിധാനവുമുള്ള ഇതിലെ ഒരു ചെറുവാഹനം കടന്നുപോയാൽപോലും കാല്‍നടക്കാര്‍ക്ക് മാറി നില്ക്കാന് സൗകര്യമില്ല.
ദിശാബോര്‍ഡുകള്‍ പോലും കാടിന് നടുവിലായി. കൂടാതെ ഇതിന് സമീപം ലേബര്‍ ഓഫിസിനോട് ചേർന്ന് പോസ്റ്റല്‍ വകുപ്പുവക സ്ഥലവും കാടുപിടിച്ചു കിടക്കുകയാണ്. ബി.എഡ് കോളജ് ജങ്ഷന് മുതല്‍ കിഴക്കേകവല വരെ റോഡരികില്‍ കാട് വളര്‍ന്ന് റോഡരികിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്. കാട് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയിലാണ് കാല്‍നടക്കാര്‍.