കമ്പംമെട്ടില്‍ ചെക്പോസ്റ്റ് നാല്, പേരിനുപോലുമില്ല പരിശോധന
text_fieldsനെടുങ്കണ്ടം: സംസ്ഥാന അതിര്‍ത്തിയായ കമ്പംമെട്ടില്‍ ചെക്പോസ്റ്റുകള്‍ നാലുണ്ടെങ്കിലും ജില്ലയില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്തു നടക്കുന്നതിവിടെയാണ്.
കേരളത്തില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങള്‍ അതിര്‍ത്തി കടക്കുമ്പോള്‍ ഇങ്ങോട്ടേക്കെത്തുന്നത് മഹാ വിപത്തുകൾ. എക്സൈസിനും വനംവകുപ്പിനും മൃഗസംരക്ഷണവകുപ്പിനും പൊലീസിനും പ്രത്യേകം ചെക്പോസ്റ്റുകൾ ഇവിടെയുണ്ട്. ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ വാണിജ്യ നികുതി ചെക്പോസ്റ്റ് ഇവിടെ നിന്നും നീക്കം ചെയ്തു. കേരളത്തില്‍ നിന്ന് ചന്ദനം, ഏലം, കുരുമുളക്, എടനതൊലി തുടങ്ങിയ സാധനങ്ങള്‍ ചെക് പോസ്റ്റ് കടന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോള്‍ കഞ്ചാവ്, ലഹരി ഉൽപന്നങ്ങള്, നിരോധിത കീടനാശിനികള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് കേരളത്തിലേക്കെത്തുന്നത്.
ഇരു സംസ്ഥാനങ്ങള്‍ക്കും ഇവിടെ ചെക്പോസ്റ്റുകളുണ്ടെങ്കിലും കഞ്ചാവും വിവിധ ലഹരി പദാർഥങ്ങളും നിരോധിത കീടനാശിനികളും കമ്പംമെട്ട് ചെക്പോസ്റ്റ് കടന്ന് വന്‍ തോതില്‍ കേരളത്തിലെത്തുന്നുണ്ട്. മുമ്പ് വാഹനം പരിശോധിക്കുമ്പോള്‍ ഇവ പിടിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ പരിശോധന നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കള്ളക്കടത്ത് മാഫിയകളും ഉദ്യാഗസ്ഥരും ധാരണയിലാണെന്നാണ് ആക്ഷേപം. ലക്ഷങ്ങളാണ് പലരും വാങ്ങുന്നത്. ചിലർ രാഷ്ട്രീയ ഒത്താശയോടെയാണ് അനധികൃത കടത്ത് നടത്തുന്നത്. പച്ചക്കറികള്‍, മുന്തിരി, വാഴക്കുല, തെങ്ങോല, വെള്ളരിക്ക തുടങ്ങിയവ കയറ്റിയ വാഹനങ്ങള്‍ അതിവേഗം അതിര്‍ത്തി കടക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് വരുന്ന ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന ഒരു വാഹനവും ചെക്പോസ്റ്റില്‍ പരിശോധിക്കാറില്ലെന്നാണ് വാഹന ഉടമകള്‍ പോലും പറയുന്നത്.
ജില്ലയില്‍ ക്വാറികള്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. തമിഴ്നാട്ടില്‍നിന്നുമാണ് മെറ്റലും പാറപ്പൊടിയും മറ്റും വരുന്നത്. പാറപൊടിയും മറ്റും പാസില്ലാതെയാണ് അതിര്‍ത്തി കടക്കുന്നത്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി വെട്ടിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി തമിഴ്നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജി.എസ്.ടി.സ്പെഷല്‍ സ്ക്വാഡിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 60 ലക്ഷം രൂപ വിലവരുന്ന ഏലക്കയാണ് ബോഡിമെട്ട് ചെക്പോസ്റ്റിന് സമീപത്തുനിന്നും കഴിഞ്ഞ മാസം പിടികൂടിയത്. നികുതി വകുപ്പ് കമ്പംമെട്ടിലേക്ക് തിരിഞ്ഞു നോക്കാറേയില്ല.