തൂണുകളുടെ കല്ലുകൾ ഇളകി അപകടഭീഷണിയായി ഗുരുനഗർ പാലം
text_fieldsഗുരുനഗർ പാലത്തിന്റെ തൂണുകള്‍ തകര്‍ന്ന നിലയില്‍
നെടുങ്കണ്ടം: പഞ്ചായത്തിലെ 17 ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗുരുനഗർ പാലം അപകട ഭീഷണി ഉയർത്തുന്നു. ഹൈവേയില്‍നിന്ന് എം.ജി സർവകലാശാല നഴ്സിങ് കോളജിലേക്ക് പോകുന്ന റോഡിലുള്ള പാലമാണ് തൂണുകളുടെ കല്ലിളകി നിലംപൊത്താറായത്.
തോട്ടിലെ വെള്ളമൊഴുക്കിനെ തുടര്‍ന്ന് പാലത്തിന്റെ തൂണുകളും സംരക്ഷണഭിത്തിയുടെ കല്ലുകളും പാലത്തില്‍നിന്ന് അകന്നുമാറിയിട്ടുണ്ട്. പാലത്തിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകി പാലത്തിന്റെ അടിഭാഗത്തെ കെട്ടുകള്‍ ഇടിഞ്ഞ നിലയിലാണ്.
വിദ്യാര്‍ഥികള്‍ക്ക് കോളജിലേക്ക് വരാനും പോകാനും ഈ പാലം കടക്കണം. കോളജ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്.
നഴ്സിങ് കോളജില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് കുട്ടികൾ പഠിക്കുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്നവരും ആശ്രയിക്കുന്നത് ഇതേ പാലമാണ്.