ചിരട്ടയിൽ കരവിരുതിന്റെ ചാരുശിൽപങ്ങള്
text_fieldsചിരട്ടയില്‍ നിര്‍മിച്ച മനോഹര ശില്പങ്ങളുമായി ബിനേഷ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ശാന്തനരുവി സ്വദേശിയായ ബിനേഷിന്റെ വീട്ടിലെ മുറിക്കുള്ളിലേക്ക് പ്രവേശിച്ചാല്‍ പലയിടത്തും കറുത്ത് മിനുങ്ങുന്ന രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. ചിരട്ടയില്‍ നിര്‍മിച്ച് മനോഹരമായി ഒരുക്കിവെച്ചിരിക്കുന്ന ചാരുരൂപങ്ങള്‍ കാഴ്ചക്കാരില്‍ ഏറെ കൗതുകമുണര്‍ത്തുന്നവയാണ്. ചിരട്ട മാധ്യമമാക്കി സുന്ദരശില്പങ്ങള് തീര്‍ക്കുന്നതില്‍ ബിനേഷിന്റെ വിരുത് അതുല്യമാണെന്നതിന്റെ സാക്ഷ്യമാണവ.
ചിരട്ടകൊണ്ടുള്ള കരകൗശല നിര്‍മാണത്തില്‍ വ്യത്യസ്തത വിരിയിക്കുകയാണ് ഈ കലാകാരന്. ചിരട്ട ചെറുതായി മുറിച്ചെടുത്ത് പോളിഷ് ചെയ്ത 480ല്‍പരം കഷണങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ ശിൽപം ആരെയും ആകര്‍ഷിക്കും. കൂടാതെ വാച്ച്, വിളക്ക്, മുയല്, പക്ഷികള്‍, ശില്പങ്ങള്, ചെപ്പുകള്‍, ചീര്‍പ്പ്, വാച്ചിന്റെ ചങ്ങല,മോതിരം, വളകള്‍ തുടങ്ങി നിരവധി അലങ്കാര വസ്തുക്കളാണ് നിര്‍മിച്ചിരിക്കുന്നത്. ചിരട്ടകള്‍ ചെറുമുത്തുകളുടെ രൂപത്തിലാക്കി ഒരുക്കുന്ന കൈചെയിനുകളും മാലകളുമടക്കം ഇദ്ദേഹത്തിന്റെ കരവിരുതില്‍ ഒരുങ്ങിയ നിര്‍മിതികള്‍ നിരവധിയാണ്.
ചിരട്ടക്കൊപ്പം തടി, ഈര്‍ക്കില്‍, മുള തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചും വിവിധ കൗതുക വസ്തുക്കള്‍ നിര്‍മിക്കാറുണ്ട്. കോവിഡ് കാലത്തെ രാജ്യത്തിന്റെ പോരാട്ടം ഓര്‍മിപ്പിക്കുന്ന ശില്പവും ശേഖരത്തിലുണ്ട്. കുട്ടിക്കാലം മുതല്‍ ചിരട്ട ശില്പ നിര്‍മാണത്തില്‍ ബിനേഷ് മികവ് തെളിയിച്ചിരുന്നു. ഉപജീവനമാര്‍ഗമായ വയറിങ് ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് വിവിധ കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നത്.