ഹരിതചോല സൗന്ദര്യവത്കരണം പാളി; നഷ്ടം ലക്ഷങ്ങൾ
text_fieldsസംസ്ഥാന പാതയിൽ നട്ട 10,000 അരളിത്തൈകളിൽ ഒന്ന്
നെടുങ്കണ്ടം: ആറ് വര്‍ഷം മുമ്പ് ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ആരംഭിച്ച ഹരിതചോല സൗന്ദര്യവത്കരണ പദ്ധതിയുടെ നടത്തിപ്പ് പാളി. കുമളി-മൂന്നാര്‍ സംസ്ഥാനപാത സൗന്ദര്യവത്കരണത്തിനായി 20 ലക്ഷം രൂപയോളം ചെലവഴിച്ച് റോഡിനിരുവശത്തായി 10,000 അരളിതൈകള്‍ നട്ട് പരിപാലിക്കുകയായിരുന്നു പദ്ധതി. എന്നാല്‍, നിലവിലുള്ളത് ഏതാനും ചെടികള്‍ മാത്രമാണ്.
ഉടുമ്പന്‍ചോല പഞ്ചായത്തിലൂടെ കുമളി-മൂന്നാര്‍ റോഡ് കടന്നുപോകുന്ന ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും അരളി നട്ട് പരിപാലിക്കുക, വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്കരണം തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാല്‍, പണം നഷ്ടമായതല്ലാതെ സൗന്ദര്യവത്കരണം നടപ്പായില്ല. കൈലാസപ്പാറ മുതല്‍ ചതുരംഗപ്പാറ വരെയുള്ള 12 കിലോമീറ്റര്‍ റോഡിനിരുവശത്തും കാടുവെട്ടിനീക്കി 10,000 അരളിയും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുകയായിരുന്നു.
ഹരിത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് വഴിയാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ 12 വാര്‍ഡുകള്‍ക്കും ഓരോ കിലോമീറ്റര്‍ ദൂരം വെട്ടിത്തെളിക്കാന്‍ ചുമതല നല്‍കിയിരുന്നു. ദിവസങ്ങളെടുത്താണ് കാട് വെട്ടി തെളിച്ചത്. വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടിയെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ പരിഷ്കാരം സഞ്ചാരികളെ ആകര്‍ഷിക്കുമെന്നായിരുന്നു പ്രതീക്ഷ. കൂടാതെ റോഡിലെ അപകടങ്ങള്‍ കുറക്കാനാകുമെന്നും കരുതിയിരുന്നു.
ചെടികള്‍ നട്ട ശേഷം തുടക്കത്തില്‍ മികച്ച പരിപാലനം നടത്തിയിരുന്നു. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് നനച്ചിരുന്നു. പിന്നീട് പരിപാലനവും നിരീക്ഷണവും മേല്‍നോട്ടവും ഇല്ലാതായതോടെ ചെടികളെല്ലാം നശിച്ചു. നടുന്നതിന്റെ ഉദ്ഘാടനം 2019 നവംബര്‍ മൂന്നിന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയാണ് നിര്‍വഹിച്ചത്. പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.