ചെക്പോസ്റ്റുകളിൽ പരിശോധന കാര്യക്ഷമമല്ല; നിരോധിത കീടനാശിനികൾ വൻതോതിൽ അതിർത്തി കടന്നെത്തുന്നു
text_fieldsനെടുങ്കണ്ടം: ജില്ലയിലെ കൃഷിയിടങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഭീഷണി ഉയര്‍ത്തി നിരോധിത കീടനാശിനികളും മരുന്നുകളും വന്‍തോതിൽ അതിര്‍ത്തി കടന്ന് എത്തുന്നു.
കേരളത്തിൽ നിരോധിച്ച എന്‍ഡോസള്‍ഫാൻ അടക്കമുള്ള പല കീടനാശിനികളും വ്യാജ പേരുകളിലാണ് കേരളത്തിലെത്തുന്നത്. ജില്ലയിലെ തോട്ടം മേഖലയോട് അനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന മിക്ക വളം വിൽപന ശാലകളിലും നിരോധിത കീടനാശിനികൾ ധാരാളമായി വിൽപന നടത്തുന്നുണ്ട്. പരിശോധന ചെറുക്കാൻ ലേബലില്ലാത്ത കുപ്പികളിലും ബാരലുകളിലുമാണ് കരുതിയിരിക്കുത്.
വിഷാംശം കൂടുതൽ നാൾ നിലനിൽക്കുന്ന മരുന്നുകളാണ് കേരളത്തിൽ നിരോധിച്ചിരിക്കുന്നത്. ഈ മരുന്നുകൾ കൃഷിക്ക് ഏറെ ഗുണമുള്ളതായി മരുന്നു കമ്പനികൾ അവകാശപ്പെടുന്നുവെങ്കിലും ജനങ്ങള്‍ക്ക് ഏറെ ദൂഷ്യമാണ്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് കീടനാശിനികൾ എറെയും അതിർത്തികടന്ന് എത്തുന്നത്. മഴ ആരംഭിക്കുന്നതോടെ കൃഷിയും വളപ്രയോഗവും ആരംഭിക്കും അതോടെ മരുന്നിന്റെ വരവും വർധിക്കും.മാരക വിഷങ്ങളാണ് തമിഴ്നാട്ടിൽനിന്ന് അനധികൃതമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.
തമിഴ്നാട് സർക്കാറിന്റെ ബസിലും ട്രിപ് ജീപ്പുകളിലും ഇരുചക്ര വാഹനങ്ങളിലും മറ്റിതര വാഹനങ്ങളിലുമാണ് നിരോധിത കീടനാശിനികളും മറ്റും അതിർത്തികടന്ന് എത്തുന്നത്.
അതിർത്തി മേഖലകളിൽ തലച്ചുമടായും എത്തും
അതിർത്തി മേഖലകളിലെ ഇടവഴികളിലൂടെ തലച്ചുമടായും നിരോധിത കീടനാശിനികൾ ജില്ലയിലെത്തുന്നുണ്ട്. ഇവ പിടികൂടിയാൽ നടപടി എടുക്കേണ്ടവർ ആരാണെന്ന ചോദ്യവുമായി പകച്ചു നിൽക്കുകയാണ് ഉദ്യോഗസ്ഥർ. പിടികൂടുന്ന കീടനാശിനികൾ ഏത് വകുപ്പിന് കൈമാറണമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങളില്ല.
പൂർണ ഉത്തരവാദിത്തം കൃഷി വകുപ്പിനാണ്. മാത്രമല്ല കേസ് തീരുന്നതു വരെ ഇവ സൂക്ഷിക്കേണ്ടത് കൃഷി ഓഫിസിലാണ്. എന്നാൽ, മിക്ക ഓഫിസിലും ഇതിനാവശ്യമായ സൗകര്യങ്ങളില്ല. ചെറിയ തോതിൽ പിടിച്ചെടുക്കുന്നതിന് പിഴ ഈടാക്കാനുള്ള അധികാരവും കൃഷി വകുപ്പിനില്ല. ഇതിനും കോടതിയെ സമീപിക്കണം. കോടതി കയറിയിറങ്ങാനുള്ള ബുദ്ധിമുട്ടും ജീവനക്കാരുടെ കുറവും കൃഷി വകുപ്പിനെ വലക്കുന്നുണ്ട്.
പലപ്പോഴും നിരോധിത കീടനാശിനികളും മരുന്നുകളും പിടികൂടുമ്പോഴുള്ള ബുദ്ധിമുട്ടുകളോർത്ത് ചെക്പോസ്റ്റ് അധികൃതർ കടത്തിവിടുകയാണ് പതിവ്. നിരോധിത കീടനാശിനികൾ പിടികൂടുന്ന ജീവനക്കാർക്ക് പലപ്പോഴും മേലുദ്യോഗസ്ഥരുടെ ശകാരം മാത്രമാണ് ബാക്കിയാകുന്നത്.


