ഇതെല്ലാം അന്ത കാലത്തെ വൈബ്...
text_fieldsകെ.സി. ചാക്കോയുടെ റെക്കോഡ് പ്ലെയർ ശേഖരം
നെടുങ്കണ്ടം: നൂറ്റാണ്ടിലേറെ പഴക്കമുള്ളതും, ഒരുകാലത്ത് ജനഹൃദയങ്ങൾ സംഗീതവും സിനിമയും ആസ്വദിച്ചിരുന്ന ഗ്രാമഫോണുകളുടെ മുതൽ റെക്കോഡ് പ്ലെയറുകളുടെ വരെ ശേഖരം നിധിപോലെ സൂക്ഷിക്കുകയാണ് കെ.സി. ചാക്കോ എന്ന റിട്ട. ബാങ്ക് ജീവനക്കാരൻ. ഇവയെല്ലാം ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നത് കാണുന്നവരെയും അതിശയിപ്പിക്കും. നെടുങ്കണ്ടം സ്വദേശിയായ വരമ്പകത്ത് കെ.സി. ചാക്കോ എന്ന 72കാരന്റെ വീട്ടിൽ പ്രത്യേകം തയാര്‍ ചെയ്ത മുറിയിലേക്ക് പ്രവേശിച്ചാല്‍ പഴയകാലത്തിന്റെ സംഗീതത്തിന്റെയും സിനിമയുടെയും ആസ്വാദനത്തിന് മുഖ്യ പങ്കുവഹിച്ച ഉപകരണങ്ങളുടെ നേർചിത്രം കാണാൻ കഴിയും.
1920 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ നിർമിച്ച ഗ്രാമഫോണ്‍, വാല്‍വ്, ട്രാന്‍സിസ്റ്റര്‍ റേഡിയോകള്‍, ടേപ്പ്റിക്കോര്ഡുകള്, റെക്കോഡ് പ്ലെയറുകള്‍ തുടങ്ങി പാട്ടുപെട്ടികളുടെ വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഓരോന്നും മാറി മാറി ഉപയോഗിക്കുന്നു.1978 ലെ ബഡ് ടൈപ്പ് ടേപ്പ് റെക്കോഡുകള്‍, ടു ഇന്‍ വണ്‍ സ്റ്റീരിയോ, വൈദ്യുതി ഇല്ലാത്തകാലത്തെ ട്രാന്‍സിസ്റ്റർ, 1969 ലെ എച്ച്.എം.വി വാല്‍വ് റേഡിയോ, കാസറ്റുകള്‍, വീഡിയോ കാസറ്റുകള്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
1972 ല്‍ വീട്ടില്‍ ആദ്യ സ്കിപ്പര്റേഡിയോ വാങ്ങിയതോടെയാണ്, ചാക്കോക്ക് പാട്ടുപെട്ടികളോട് ഭ്രമം തുടങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയവ വാങ്ങുകയും പഴയകാല ഉപകരണങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് ശേഖരിക്കുകയും ചെയ്തു. പണം നല്കി വാങ്ങിയവയോടൊപ്പം സുഹൃത്തുക്കള്‍ നല്കിയവയും ശേഖരത്തിലുണ്ട്. കോഴിക്കോടുനിന്ന് ഗ്രാമഫോണ്‍ സ്വന്തമാക്കാന്‍ അരലക്ഷം രൂപയിലധികം മുടക്കേണ്ടി വന്നു. നെടുങ്കണ്ടം സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച ചാക്കോ കുട്ടിക്കാലം മുതലേ തികഞ്ഞ സംഗീതപ്രേമിയാണ്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതലുള്ള, സിനിമ ഗാനങ്ങളുടെ ശേഖരവും (പാട്ടു പുസ്തകങ്ങൾ) സൂക്ഷിക്കുന്നുണ്ട്. പഴയകാല സിനിമ നോട്ടീസുകള്‍ തുടങ്ങി സിനിമ ഓർമകളുടെ ഒരു സൂക്ഷിപ്പുകാരന് കൂടിയാണ് ഇദ്ദേഹം. സാങ്കേതിക വിദ്യയുടെ വിവിധ പതിറ്റാണ്ടുകളിലെ മാറ്റങ്ങളും പഴമയുടെ പ്രൗഢിയും വരുംതലമുറക്കായി പൊന്നുപോലെ കാത്തുവെക്കുകയാണ് ഇദ്ദേഹം.