കാലവർഷം; ജില്ലയിൽ നശിച്ചത് 200 ഹെക്ടർ ഏലം കൃഷി
text_fieldsനെടുങ്കണ്ടം പൊന്നാങ്കാണിയില്‍ സിബിച്ചന് ജേക്കബിന്റെ തോട്ടത്തിലെ ഏലച്ചെടി കാലവര്‍ഷത്തില്‍ നശിച്ച നിലയില്‍
നെടുങ്കണ്ടം: ഒരാഴ്ച നീണ്ട കാലവര്‍ഷം ജില്ലയില്‍ 200 ഹെക്ടര്‍ ഭൂമിയിലെ ഏലം കൃഷിയാണ് തകര്‍ത്തെറിഞ്ഞത്. കഴിഞ്ഞ വര്‍ഷം വേനലില്‍ 2500 ഹെക്ടര്‍ ഏലം കൃഷി നശിച്ചതിനു പുറമെയാണ് ഈവര്‍ഷം നേരത്തേ എത്തിയ കാലവര്‍ഷം 200 ഹെക്ടര്‍ ഏലം കൃഷി കവര്‍ന്നെടുത്തത്.
ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിയും ഒടിഞ്ഞുവീണും ഏലച്ചെടി വ്യാപകമായി നശിക്കുകയായിരുന്നു. ജില്ലയില്‍ 1159 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള 200 ഹെക്ടര്‍ ഭൂമിയിലെ ഏലം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. ഹൈറേഞ്ചിലെ വിവിധ കൃഷി ഓഫിസുകളില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് നല്കിയ അപേക്ഷകളെ തുടര്‍ന്നുള്ള കണക്കാണിത്.
നൂറുകണക്കിണ് കര്‍ഷകർ ഇനിയും അപേക്ഷകള്‍ നല്‍കാനുണ്ട്. നിറയെ കായ്കളുമായി നിന്ന ചെടികളാണ് പലര്‍ക്കും നഷ്ടമായത്. മഴക്കുശേഷം ഉടമകൾ തോട്ടത്തിലെത്തിയപ്പോഴാണ് ഏലച്ചെടികള്‍ ഒടിഞ്ഞും മരം വീണും നശിച്ചതായി കണ്ടത്. ലക്ഷങ്ങളുടെ നഷ്ടമാണ് പല കര്‍ഷകര്‍ക്കും നേരിട്ടത്.
ഇക്കുറി മികച്ച വിളവും വിലയും ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വേനല്‍ ഏൽപിച്ച പ്രതിസന്ധിയെ അതിജിവിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മിക്ക കര്‍ഷകരും.