നെടുങ്കണ്ടത്തെ സ്പോര്‍ട്സ് ഹോസ്റ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
text_fieldsനെടുങ്കണ്ടം: 17 വര്‍ഷമായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പുതിയതായി എത്തിയത് ഒരു കായിക താരം മാത്രം. ഇതോടെ ഹോസ്റ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലാണ് പ്രതിസന്ധി നേരിടുന്നത്. നെടുങ്കണ്ടത്തേക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ കുട്ടികളെ അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
2008ല്‍ നെടുങ്കണ്ടത്ത് ആരംഭിച്ച സ്പോര്‍ട്സ് ഹോസ്റ്റലില്‍ തുടക്കത്തില്‍ 98 കായിക താരങ്ങള്‍ ഉണ്ടായിരുന്നൂ. ജൂഡോ, അത്ലറ്റിക്സ്, ആര്‍ച്ചറി എന്നീ ഇനങ്ങളില്‍ പരിശീലനവുമുണ്ടായിരുന്നു. ജൂഡോയില്‍ അഞ്ച് താരങ്ങള്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ വരെ നേട്ടം സ്വന്തമാക്കിയത് ഉള്‍പ്പടെ നെടുങ്കണ്ടത്തെ കുട്ടികള്‍ മികച്ച നേട്ടമാണ് ഈ കാലയളവില്‍ സ്വന്തമാക്കിയത്.
12ഓളം ദേശീയ മെഡലുകള്‍ വരെ മുമ്പ് നേടിയിട്ടുണ്ട്. എന്നാല്‍ കുറെ വര്‍ഷങ്ങളായി മെഡലുകളില്ല. സ്റ്റേഡിയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അത്ലറ്റിക്സ് വിഭാഗം നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ജൂഡോയിലും ആര്ച്ചറിയിലുമായി 60ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ആര്‍ച്ചറിയുടെ പരിശീലനവും അവസാനിപ്പിച്ചു. അവശേഷിച്ച ജൂഡോക്കായി ഈ വര്‍ഷം സ്പോര്‍ട്സ് കൗണ്‍സില്‍ പുതിയതായി അയച്ചത് ഒരാളെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം 35 കുട്ടികള്‍ ഉണ്ടായിരുന്നു.
പെണ്‍കുട്ടികളടക്കം 11 കായിക താരങ്ങളാണ് നിലവില്‍ ഇവിടെ ഉള്ളത്. നെടുങ്കണ്ടത്ത് ഹൈ ആള്‍റ്റിട്യൂഡ് സിന്തറ്റിക് സ്റ്റേഡിയം പൂര്‍ത്തിയായതോടെ അത്ലറ്റിക് പരിശീലനം പുനഃരാരംഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ അതും ഉണ്ടായില്ല.
ഹോസ്റ്റൽ പ്രവർത്തിക്കുന്നത് അസൗകര്യങ്ങളുടെ നടുവിൽ പഞ്ചായത്ത് അധികൃതർ വാടകക്കെടുത്ത് നല്‍കിയിരിക്കുന്ന കെട്ടിടത്തില്‍ അസൗകര്യങ്ങളുടെ നടുവിലാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. സ്പോര്‍ട്സ് ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് റവന്യൂ വകുപ്പ് സ്ഥലം കൈമാറിയിരുന്നു. കെട്ടിട നിര്‍മാണത്തിനായി അഞ്ചുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. എന്നാല്‍ നിര്‍മാണം ആരംഭിച്ചിട്ടില്ല.
രണ്ട് വര്‍ഷത്തിലധികമായി ഭരണ സ്വാധീനം ഉപയോഗിച്ചും സ്പോര്‍ട്സ് കൗണ്‍സിലിനെ സ്വാധീനിച്ചും ചില സ്വകാര്യ സഥാപനങ്ങള്‍ ഹോസ്റ്റല്‍ അടച്ചുപൂട്ടിക്കാൻ ശ്രമിക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. നാല് വര്‍ഷമായി സ്വകാര്യ കെട്ടിടത്തില്‍ 65,000 രൂപ പ്രതിമാസ വാടകക്കാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി വാടകയും കുടിശ്ശികയാണ്. രണ്ട് നിലകളില്‍ ഒരു നില പെണ്‍കുട്ടികള്‍ക്കും മറ്റൊരു നില ആണ്‍കുട്ടികള്‍ക്കുമാണ്.