നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റല്‍ പൂട്ടില്ല
text_fieldsനെടുങ്കണ്ടം: നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റല്‍ അടച്ചുപൂട്ടലിനുള്ള നടപടിക്ക് താല്‍ക്കാലിക ആശ്വാസം. കഴിഞ്ഞ ജൂലൈ 20 ന് നടന്ന പ്രത്യേക സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷനിലുടെ കുട്ടികളെ തെരഞ്ഞെടുത്തതിനാല്‍ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം തുടരുമെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചതോടെയാണ് കായിക പ്രേമികൾക്ക് ആശ്വാസമായത്. പതിനേഴ് വര്‍ഷമായി സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പുതിയതായി എത്തിയത് ഒരു കായിക താരം മാത്രമാണെന്നും ഇതോടെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്നും ജൂലൈ അഞ്ചിന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തക്ക് പിന്നാലെ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെട്ട് സെലക്ഷന് നടത്തുകയായിരുന്നു. വിവിധ സ്കൂളുകളില്‍ നിന്നായി 12 കുട്ടികള്‍ പങ്കെടുത്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റാൻഡിഗ് കമ്മിറ്റി നിശ്ചയിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് സെലക്ഷന് ലഭിച്ചത്.
ഗ്രൗണ്ടിന്റെ അഭാവം മൂലം 2023-ല്‍ പ്രവര്‍ത്തനം നിലച്ചുപോയ അത്ലറ്റിക്സ് സ്പോര്‍ട്സ് ഹോസ്റ്റലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പച്ചക്കൊടി വീശിയിരിക്കുന്നത്. സ്പോര്‍ട്സ് ഹോസ്റ്റലിലെ അത്ലറ്റിക് വിഭാഗത്തില്‍ എല്ലാ വര്‍ഷവും കുട്ടികളെ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും മതിയായ പരിശീലന സൗകര്യമില്ലെന്ന് പറഞ്ഞ് ആര്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വന്നിട്ടും നടപടിയില്ലായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സ്വകാര്യ കെട്ടിടത്തില്‍ വാടകക്കാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് നിലകളില്‍ ഒരു നില പെണ്‍കുട്ടികള്‍ക്കും മറ്റൊരു നില ആണ്‍കുട്ടികള്‍ക്കുമാണ്.
മുകളിലത്തെ നിലയില്‍ ഏഴ് മുറികള്‍ക്ക് പുറമെ,ഓഫീസ്,മെസ് ഹാള്‍,കൊറിഡോര്‍,എന്നിവയും കുക്കിന് താമസിക്കാന്‍ ഒരു മുറിയുമുണ്ട്. താഴത്തെ നിലയില്‍ രണ്ട് ഡോര്‍മെറ്ററി,വാര്‍ഡന്റെ മുറി,ഓപ്പണ്‍ ശൗചാലയം എന്നിവയാണുള്ളത്. രണ്ട് വാര്ഡന്, കുക്ക്, സ്വീപ്പര്‍ എന്നിങ്ങനെ നാല് താൽകാലിക ജീവനക്കാരാണ് നിലവിലുള്ളത്. 2008 ല്‍ നെടുങ്കണ്ടത്ത് ആരംഭിച്ച സ്പോര്‍ട്സ് ഹോസ്റ്റലില്‍ തുടക്കത്തില്‍ 98 കായിക താരങ്ങള്‍ ഉണ്ടായിരുന്നു. ജൂഡോ,അത്ലറ്റിക്സ്,ആര്‍ച്ചറി എന്നീ ഇനങ്ങളില്‍ പരിശീലനവുമുണ്ടായിരുന്നു. ജൂഡോയില്‍ അഞ്ച് താരങ്ങള്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ വരെ നേട്ടം സ്വന്തമാക്കിയത് ഉള്‍പ്പടെ നെടുങ്കണ്ടത്തെ കുട്ടികള്‍ മികച്ച നേട്ടമാണ് ഈ കാലയളവില്‍ സ്വന്തമാക്കിയത്. 12 ഓളം നാഷണല്‍ മെഡലുകള്‍ വരെ മുമ്പ് നേടിയിട്ടുണ്ട്. എന്നാല്‍ കുറെ വര്‍ഷങ്ങളായി മെഡലുകളില്ല.
സ്റ്റേഡിയമില്ലെന്ന കാരണം ചൂണ്ടി കാട്ടി അത്ലറ്റിക്സ് വിഭാഗം നിര്‍ത്തുകയായിരുന്നു. ജൂഡോയിലും ആര്ച്ചറിയിലുമായി അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ആര്‍ച്ചറിയുടെ പരിശീലനവും അവസാനിപ്പിച്ചു. അവശേഷിച്ച ജൂഡോക്കായി ഈ വര്‍ഷം സ്പോര്‍ട്സ് കൗണ്‍സില്‍ പുതിയതായി അയച്ചത് ഒരാളെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം 35 കുട്ടികള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളടക്കം പതിനൊന്നു കായിക താരങ്ങളാണ് നിലവില്‍ ഇവിടെ ഉള്ളത്. നെടുങ്കണ്ടത്ത് ഹൈ ആള്‍ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയം പൂര്‍ത്തിയായതോടെ അത്ലറ്റിക് പരിശീലനം പുനരാരംഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ അതും ഉണ്ടായില്ല സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിന് 5 കോടി രൂപ അനുവദിക്കുകയും നെടുങ്കണ്ടം ടൗണില്‍ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു.


