അമ്പമ്പോ...വമ്പൻ കപ്പളങ്ങ
text_fieldsഷാജിയുടെ കൃഷിയിടിത്തിലുണ്ടായ വമ്പൻ കപ്പളങ്ങ
നെടുങ്കണ്ടം: മുണ്ടിയെരുമ സ്വദേശി കെ.എം ഷാജിയുടെ പുരയിടത്തിലെ വിളഞ്ഞു പഴുത്ത പപ്പായ (കപ്പളങ്ങ) കണ്ടപ്പോള്‍ ഷാജി മാത്രമല്ല കൃഷി ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥരും ഞെട്ടി. പപ്പായയുടെ നീളം രണ്ടടിക്ക് മുകളില്‍. തൂക്കം അഞ്ചു കിലോ.
ഈ കപ്പളത്തില്‍ ഉണ്ടാകുന്ന കായകള്ക്കെല്ലാം അസാധാരണമായ നീളവും വലിപ്പവുമാണ്. കൃഷി വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി ഫലത്തിന്റെ പ്രത്യേകത ഉറപ്പിച്ചു. ഇത്രയധികം വലിപ്പമുള്ള കപ്പളങ്ങ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പാമ്പാടുംപാറ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജുമോന് ജോസ് പറഞ്ഞു. മുണ്ടിയെരുമ കിഴക്കേടത്ത് ഷാജിയുടെ പുരയിടം പണ്ടുമുൽക്കെ കൃഷിതോട്ടമാണ്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വിളയുന്ന ഫലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
മറ്റു കൃഷിയിടങ്ങളില്‍ വിളയുന്ന ഫലങ്ങളെക്കാള്‍ പത്തും പതിനഞ്ചും ഇരട്ടി വലിപ്പത്തിലും നീളത്തിലും തൂക്കത്തിലുമുള്ള ഫലങ്ങളാണ് ഈ കര്‍ഷകന്റെ തോട്ടത്തിനെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ നവംബറില്‍ മരച്ചീനി വിളവെടുത്തപ്പോള്‍ ഷാജിയേക്കാള്‍ നീളമുള്ള കപ്പകിഴങ്ങായിരുന്നു. ഒരു കിഴങ്ങിന് 6.5 അടി നീളവും നാല് കിലോ തൂക്കവും.
വിവിധ തരം പപ്പായ കൃഷിയുമുണ്ട് ഈ പുരയിടത്തില്‍. ഇലയും തണ്ടും കായും മഞ്ഞ നിറത്തിലുള്ള ഗോള്‍ഡന്‍ യെല്ലോ പപ്പായ ഏറെ ആകര്‍ഷണീയമാണ്. യാത്രക്കിടയിലാണ് ഇദ്ദേഹം ഫലവൃക്ഷ തൈകളും വിത്തുകളും വാങ്ങാറുള്ളത്. അതിനെ പൂര്‍ണമായും ജൈവരീതിയില്‍ കൃഷി നടത്തുമ്പോള്‍ വലിയ വിളവ് ലഭിക്കുന്നതായാണ് ഈ കര്ഷകന് സാക്ഷ്യപ്പെടുത്തുന്നത്.
ആയുർവേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന സസ്യങ്ങള്‍കൊണ്ടും ഏറെ സമ്പുഷ്ടമാണ് ഇദ്ദേഹത്തിന്റെ പറമ്പ്. കപ്പളങ്ങ കാണാനും കൃഷി രീതി മനസ്സിലാക്കാനും നിരവധി പേരാണ് ദിനേന ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുന്നത്.