പാറത്തോട് ഗവ. തമിഴ് മീഡിയം സ്കൂൾ കെട്ടിടം അപകട ഭീതിയിൽ
text_fieldsഅപകട ഭീഷണി ഉയർത്തുന്ന പാറത്തോട്ടിലെ ഗവ. തമിഴ് മീഡിയം സ്കൂൾ കെട്ടിടം
നെടുങ്കണ്ടം: ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെട്ട് നിലംപൊത്താറായെങ്കിലും പാറത്തോട് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയായില്ല. പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്കി ആറു വര്‍ഷമായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. നെടുങ്കണ്ടം പാറത്തോട് ഗവ. തമിഴ് മീഡിയം സ്കൂളിന്റെ പഴയ കെട്ടിടമാണ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയുയര്‍ത്തി നിലകൊള്ളുന്നത്.
എല്‍.പി വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് പഴയ കെട്ടിടം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. എല്‍.പി വിഭാഗം ക്ലാസുകളും കുട്ടികളുടെ കളിസ്ഥലവും ഈ കെട്ടിടത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്തേക്ക് കുട്ടികള്‍ കടക്കാതിരിക്കാന്‍ പഴയ ഡെസ്ക്കുകളും മറ്റും ഉപയോഗിച്ച് സ്കൂള്‍ അധികൃതര്‍ താൽക്കാലികമായി ഈ ഭാഗം അടച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടികാട്ടി എന്‍.ഡി.ആര്.എഫിനെ അടക്കം സ്കൂള്‍ അധികൃതര്‍ സമീപിച്ചിരുന്നു. ഓരോ തവണയും കെട്ടിടം അപകടാവസ്ഥയിലാണെന്ന വിലയിരുത്തല്‍ അല്ലാതെ നടപടി ഉണ്ടാവുന്നില്ല. 2019ലെ പെരുമഴയിലാണ് പാറത്തോട് സ്കൂളില്‍ എല്‍.പി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലായത്. ഭിത്തിയില്‍ വലിയ വിള്ളല്‍ രൂപപ്പെടുകയും തറ താഴേക്കു ഇരിക്കുകയും ചെയ്തു.
2020ല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് കെട്ടിടം പ്രവര്‍ത്തനസജ്ജമല്ലെന്ന് വിലയിരുത്തുകയും പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പി.ടി.എ തുടര്‍ച്ചയായി ജില്ല പഞ്ചായത്തിനും വിവിധ വകുപ്പുകള്‍ക്കും അപേക്ഷ നല്‍കിയെങ്കിലും കെട്ടിടം പൊളിച്ചുനീക്കിയിട്ടില്ല. ഇതിനിടെ കെട്ടിടം പൊളിച്ചുമാറ്റാൻ രണ്ടുതവണ ടെൻഡര്‍ വിളിച്ചെങ്കിലും തുക കുറവായതിനാല്‍ ആരും കരാര്‍ എടുക്കാന്‍ തയാറായില്ല. ദുരന്തം ഉണ്ടാകുന്നതു വരെ കാത്തിരിക്കാതെ കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.