കുതിച്ചുതുടങ്ങി കട്ടപ്പന
text_fieldsഹൈജംപ് ജൂനിയർ: കെ. എസ്. കേദാർനാഥ് (സെന്റ് ആന്റണീസ് എച്ച്.എസ് മുണ്ടക്കയം) ടെൻസിങ് പോൾ
നെടുങ്കണ്ടം: ഇടുക്കിയുടെ കൗമാരാവേശത്തിന്റെ കരുത്തും വേഗവും അളന്ന് പുതിയ കണക്കിൽ കുറിച്ച് ജില്ലാ സ്കൂൾ കായികമേളക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിൽ തുടക്കമായി. നിലവിലെ ജേതാക്കളായ കട്ടപ്പന ഉപജില്ല ആദ്യ ദിനം തന്നെ കുതിപ്പു തുടങ്ങി.
ആദ്യമായി സിന്തറ്റിക് ട്രാക്കിൽ സ്കൂൾ കായികമേള നടത്തുന്നു എന്ന ചരിത്രം ജില്ലയുടെ കായിക രേഖയിൽ എഴുതിചേർത്തുകൊണ്ട് ആരംഭിച്ച മേളയിൽ 149 പോയന്റുമായാണ് കട്ടപ്പന തുടക്കം തന്നെ കേമമാക്കിയത്. 110 പോയന്റുമായി അടിമാലി ഉപജില്ല രണ്ടാമതും 46 പോയന്റുമായി ആതിഥേയരായ നെടുങ്കണ്ടം ഉപജില്ല മൂന്നാമതുമുണ്ട്. പീരുമേട് (41), തൊടുപുഴ (24), അറക്കുളം (8) എന്നീ ഉപജില്ലകളാണ് പിന്നാലെ. 13 സ്വർണവും 17 വെള്ളിയും ഏഴ് വെങ്കലവുമായാണ് കട്ടപ്പന മുന്നിലെത്തിയത്. 13 സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് അടിമാലിയുടെ അക്കൗണ്ടിൽ. രണ്ട് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായാണ് നെടുങ്കണ്ടം മൂന്നാം സ്ഥാനത്തെത്തിയത്.
മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമായി 35 പോയന്റ് നേടിയ കട്ടപ്പന ഉപജില്ലയിലെ ഇരട്ടയാർ എസ്.ടി.എച്.എസ്.എസ് സ്കൂളാണ് ഏറ്റവും മുന്നിൽ. മൂന്ന് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവുമായി കട്ടപ്പന ഉപജില്ലയിലെ തന്നെ കാൽവരിമൗണ്ട് സി.എച്.എസ് 34 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. നാല് സ്വർണവും ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി 28 പോയന്റോടെ അടിമാലി ഉപജില്ലയിലെ എൻ.വി.എച്.എസ്.എസ് എൻ.ആർ. സിറ്റി മൂന്നാമതുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്കിനെ ചൂടുപിടിപ്പിച്ച സ്പ്രിന്റ് ഇനങ്ങളായിരുന്നു ആദ്യ ദിവസത്തിന് ആവേശം പകർന്നത്. 100 മീറ്ററിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫൈനൽ ആദ്യ ദിവസം തന്നെ ട്രാക്കേറി. രാവിലെ വർണാഭമായ മാർച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കമായത്. എം.എം. മണി എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു.


