സപ്തതി ആഘോഷിക്കുമ്പോഴും പട്ടം കോളനിക്ക് പട്ടയമില്ല
text_fieldsനെടുങ്കണ്ടം: കല്ലാര്‍ പട്ടം േകാളനിയില്‍ കര്‍ഷകരെ കുടിയിരുത്തി ഏഴ് പതിറ്റാണ്ടായിട്ടും കോളനിക്കാരുടെ പട്ടയസ്വപ്‌നം പൂവണിയിക്കാന്‍ മാറി മാറി വന്ന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.റവന്യൂ മന്ത്രിയായിരുന്ന കെ.ടി. ജേക്കബ് ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം റൂള്‍സ് 1968 പ്രകാരം 1969 ല്‍ പട്ടയം കൊടുത്തുതുടങ്ങിയെങ്കിലും കുടിയിരുത്തപ്പെട്ട കര്‍ഷകന്റെ പട്ടയപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പട്ടയ പ്രശ്‌നം ഇന്നും പട്ടംകോളനിയില്‍ സജീവമായി നിലനില്‍ക്കുകയാണ്.
പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും സര്‍വേ നടത്തുകയും െചയ്തിരുന്നു. 1955 മുതല്‍ ബ്ലോക്കുകളില്‍ വീട് വെച്ചും കൃഷിചെയ്തും വന്നവരുടെ ഭൂമി റീ സര്‍വേ നടത്തിയപ്പോള്‍ ‘പടി’ നല്‍കാത്തവരുടെ ഭൂമി സര്‍ക്കാര്‍ വക എന്ന് രേഖപ്പെടുത്തുകയും പിന്നീടും പലതവണ കര്‍ഷകരുടെ അപേക്ഷ പ്രകാരം സര്‍വേ എന്ന പ്രഹസനം നടത്തി പണം വാങ്ങി മടങ്ങിയ സര്‍വേക്കാരും റവന്യൂ വിഭാഗവുമാണ് പട്ടയം നല്‍കാന്‍ തടസമായി നില്‍ക്കുന്നതെന്നും കോളനിക്കാർ ആരോപിക്കുന്നു.
കല്ലാര്‍ പട്ടംകോളനിയില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങളാണ് മുണ്ടിയെരുമ, പാമ്പാടുംപാറ, നെടുങ്കണ്ടം, തൂക്കുപാലം, ബാലഗ്രാം, തേര്‍ഡ്ക്യാമ്പ്, കൂട്ടാര്‍, കോമ്പയാര്‍, രാമക്കല്‍മേട്, തോവാള, അല്ലിയാര്‍, ചേമ്പളം, കട്ടേക്കാനം, ആദിയാര്‍പുരം, ഒറ്റക്കട, കുമരകംമെട്ട്, ചേലമൂട്, കുരുവിക്കാനം, ഈറ്റക്കാനം, കരുണാപുരം, തണ്ണിപ്പാറ, നാലുമുക്ക് തുടങ്ങിയവ. ഇവിടങ്ങളില്‍ താമസിക്കുന്ന 400 ഓളം പേര്‍ക്ക് പട്ടയം കിട്ടാനുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടും മൂന്നും തവണ അളവുകള്‍ നടന്നെങ്കിലും പേപ്പറുകള്‍ നീങ്ങുന്നില്ല. സര്‍വേ ഓഫീസിലെ ജീവനക്കാരിലധികവും കൊല്ലം തിരുവനന്തപുരം സ്വദേശികളാണ്. ഇവര്‍ക്കാര്‍ക്കും പട്ടംകോളനി നിവാസികള്‍ക്ക്പട്ടയം നല്‍കണമെന്നില്ലെന്നും നാട്ടുകാർ പറയുന്നു.
കോളനിവത്കരണത്തിന്റെ ചുമതല ദേവികുളം ആര്‍.ഡി.ഒ ക്കാണ്. പട്ടയ അപേക്ഷകളെല്ലാം ഇവിടെ കെട്ടി കിടക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. തൂക്കുപാലം മുതല്‍ രാമക്കല്‍മേട് വരെ ആറ്റു പുറമ്പോക്കിലും േറാഡ് പുറേമ്പാക്കിലും 1960 മുതല്‍ കുടിയേറി താമസിക്കുന്നവര്‍ക്കും പട്ടയം ലഭിച്ചിട്ടില്ല. പട്ടയം നല്‍കണമെന്ന് 1952 മുതല്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. വീട് വെച്ച് താമസിക്കുന്നതിനായി 10 സെന്റ് മുതല്‍ 50 സെന്‍റ് വരെ പട്ടയം നല്‍കുന്നതിന് തടസ്സമില്ല. എന്നിട്ടും പട്ടയം നല്‍കിയിട്ടില്ല. ഇത്തരം 65 ലധികം കുടുംബങ്ങള്‍ കോമ്പമുക്ക് വരെയുണ്ട്. 1955 മുതല്‍ ആറ്, തോട്, റോഡ് പുറമ്പോക്കുകളില്‍ വീട് വെച്ച് കൃഷിചെയ്തുവരുന്ന നൂറുകണക്കിനാളുകള്‍ക്ക് അഞ്ച് സെന്റുമുതല്‍ 50 സെന്റ് വരെ അധിക ഭൂമിയുള്ളവര്‍ക്കും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും പട്ടയം ലഭിച്ചിട്ടില്ല.