വിവിധ കേസുകളിൽ പ്രതികളായ നാലംഗ സംഘത്തെ പൊലീസ് പിടികൂടി
text_fieldsപിടിയിലായ പ്രതികൾ
നെടുങ്കണ്ടം: കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളിലെ പ്രതികളായ നാലംഗ സംഘത്തെ കമ്പംമെട്ട് പൊലീസ് പിടികൂടി. തമിഴ്നാട് കൊസുവപ്പെട്ടി സ്വദേശി പി. ഗണേശൻ (53), മധുര സ്വദേശി ഒ. ഗണേശൻ (51), ഉസലാംപെട്ടി സ്വദേശികളായ സുകുമാർ പാണ്ടി (35), കെ. ശിവകുമാർ (35) എന്നിവരാണ് ശനിയാഴ്ച വൈകീട്ട് 5.30ഓടെ അതിർത്തി പട്ടണമായ കമ്പംമെട്ടിൽനിന്ന് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഒമ്നി വാനും കസ്റ്റഡിയിലെടുത്തു.
ഈമാസം ഏഴിന് ജില്ലയിലെത്തിയ ഇവര്‍ മാരുതി ഓമ്നിയുമായി മോഷ്ടിക്കാന്‍ തക്കം പാര്‍ത്ത് കറങ്ങിനടക്കുകയായിരുന്നു. ഏലക്ക കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലോ പിന്നിലോ സഞ്ചരിച്ച് സാഹചര്യം ഒക്കുമ്പോള്‍ വാഹനത്തില്‍ ഉള്ളവരെ വെട്ടിപ്പരിക്കേൽപിച്ച ശേഷം മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും അതിനാല്‍ ഏലക്കയുമായി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഈ വാഹനം ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നും ശനിയാഴ്ച പകല്‍ കട്ടപ്പന പൊലീസിന്റെ മുന്നറിയിപ്പായി സംഘത്തിന്റെ ഫോട്ടോയും വാഹനത്തിന്റെ നമ്പറും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇവര്‍ അതിര്‍ത്തി പട്ടണമായ കമ്പംമെട്ടിലെത്തിയപ്പോഴാണ് വാഹന പരിശോധനക്കിടയില്‍ കുടുങ്ങിയത്. സംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു.


