ദേശീയ ഫിസ്റ്റ്ബാളില് അഭിമാനമായി രാമക്കല്‍മേട് സ്വദേശി
text_fieldsആദിത്യന് സനല്‍
നെടുങ്കണ്ടം: ഇടുക്കിയില്‍നിന്ന് ഫിസ്റ്റ്ബാളിൽ അഭിമാനമായി യുവതാരം. ദേശീയ ഫിസ്റ്റ്ബാളില് കേരള ടീമിന്റെ അഭിമാനമായി രാമക്കല്മേട്ടില്നിന്നുമാണ് 19കാരന്റെ താരോദയം. ആഗസ്റ്റില്‍ തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ നടന്ന ദേശീയ സീനിയര്‍ ഫിസ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടി വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ അഞ്ചംഗ ടീമിലെ അംഗമാണ് രാമക്കല്‍മേട് സ്വദേശി ആദിത്യന് സനല്‍ (19).
ആഗസ്റ്റ് 29 മുതല്‍ 31 വരെ നടന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം പുതുച്ചേരിയുമായും പിന്നീട് കർണാടകയുമായും സെമിയിൽ തെലങ്കാനയുമായുമായി മത്സരിച്ചാണ് ഫൈനലിൽ കയറിയത്. രണ്ടാം തവണയാണ് ആദിത്യൻ കേരള ടീമിനായി മത്സരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ കോച്ച് ഷൈജു സെബാസ്റ്റ്യന്റെ കീഴിലാണ് പരിശീലനം.
രാമക്കല്‍മേട് കണ്ണാട്ടുവീട്ടില്‍ സനല്‍കുമാര്‍-ബിജി ദമ്പതികളുടെ മകനാണ് ആദിത്യന്. അതുല്യ കെ. സനൽ സഹോദരിയാണ്. അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ബി.എ മള്‍ട്ടിമീഡിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ആദിത്യൻ.


