വെള്ളപ്പൊക്കം; 85 ക്വിന്റൽ റേഷന്‍ സാധനങ്ങള്‍ കുഴിച്ചുമൂടി
text_fieldsവെള്ളംകയറി നശിച്ച റേഷന്‍ സാധനങ്ങള്‍ കുഴിച്ചുമൂടുന്നു
നെടുങ്കണ്ടം: ശനിയാഴ്ച പുലര്‍ച്ച മുണ്ടിയെരുമയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വിതരണയോഗ്യമല്ലാതായ 85 കിന്റലോളം ഭക്ഷ്യസാധനങ്ങള്‍ കുഴിച്ചുമൂടി. മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന ബെന്നി ജോസഫിന്റെ ഉടമസ്ഥതയിലുള്ള എ.ആര്.ഡി 46ാം നമ്പര്‍ റേഷന്‍ കടയില്‍ വെള്ളം കയറിയാണ് ഭക്ഷ്യസാധനങ്ങള്‍ ഉപയോഗയോഗ്യമല്ലാതായത്.
കുത്തരി, ചാക്കരി, പച്ചരി, പഞ്ചസാര, ഗോതമ്പ്, ആട്ട തുടങ്ങിയ 170 ചാക്ക് ഭക്ഷ്യ ഉല്പന്നങ്ങളും മണ്ണെണ്ണയുമാണ് ഉപയോഗയോഗ്യമല്ലാതായത്. 23 ലിറ്റര്‍ മണ്ണെണ്ണയാണ് നഷ്ടമായത്. വെള്ളം കയറിയതിനു പുറമെ മണ്ണെണ്ണ വീപ്പമറിഞ്ഞുവീണും ഭക്ഷ്യസാധനങ്ങള്‍ നഷ്ടമായി. കടയുടെ പ്രവര്‍ത്തനം താൽക്കാലികമായി മറ്റൊരു മുറിയിലേക്ക് മാറ്റി തിങ്കളാഴ്ച തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
വെള്ളം കയറിയ അരിയും മറ്റും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തിയ ശേഷം അനുമതിയോടെ അവരുടെ സാന്നിധ്യത്തിൽ ഭക്ഷ്യസാധനങ്ങള്‍ കുഴിച്ചുമൂടുകയായിരുന്നു.


