ലക്ഷങ്ങൾ വെള്ളത്തിൽ; വഴിയോര വിനോദസഞ്ചാര വിശ്രമകേന്ദ്രം മാലിന്യം തള്ളൽ കേന്ദ്രമായി
text_fieldsസംസ്ഥാനപാതയില്‍ കല്ലാറില്‍ സ്ഥിതിചെയ്യുന്ന നെടുങ്കണ്ടം പഞ്ചായത്തിന്റെ ഉപയോഗശൂന്യമായ കെട്ടിടം
നെടുങ്കണ്ടം: ആദ്യം മിനി കമ്യൂണിറ്റി ഹാള്‍ പിന്നീട് കോവിഡ് സ്ഥിരം വാക്സിനേഷന് സെന്റര്‍, തുടര്‍ന്ന് വഴിയോര വിനോദസഞ്ചാര വിശ്രമ കേന്ദ്രം. നിലവില്‍ ഇതെല്ലാം ബോര്‍ഡിലും ശിലാഫലകത്തിലും ഉണ്ടെങ്കിലും കെട്ടിടത്തിന് പിന്നിലേക്കെത്തിയാല് മാലിന്യങ്ങളുടെ ഡമ്പിങ് സ്റ്റേഷന് ആണെന്ന് തോന്നും. നെടുങ്കണ്ടം പഞ്ചായത്ത് 15ാം വാര്‍ഡില്‍ കല്ലാറിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യം തള്ളിയിരിക്കുന്നത്.
കുമളി-മൂന്നാര്‍ സംസ്ഥാന പായയോരത്താണ് വഴിയോര വിനോദസഞ്ചാര വിശ്രമ കേന്ദ്രം. വാര്‍ഡിലെ ഓരോ കുടുംബാംഗങ്ങള്‍ കഴുകി ഉണക്കി ശേഖരിച്ച് ഹരിതകർമ സേനാംഗങ്ങളെ ഏൽപിക്കുന്ന മാലിന്യമാണ് ഇവിടെ കുമിഞ്ഞു കൂടിയിരിക്കുന്നത്. ഇങ്ങോട്ടേക്ക് ആരും തിരിഞ്ഞു നോക്കാറുമില്ല. 2008-10ൽ ഇവിടെ ലഷങ്ങള്‍ മുടക്കി മിനി കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചു. 2021 ജൂലൈ അഞ്ചിന് വീണ്ടും ലക്ഷങ്ങള്‍ മുടക്കി കോവിഡ് സ്ഥിരം വാക്സിനേഷന് സെന്റർ ആരംഭിച്ചു.
കോവിഡ് കെട്ടടങ്ങിയതോടെ വീണ്ടും ഉപയോഗശൂന്യമായി. 2023 ജനുവരി ഏഴിന് വീണ്ടും ലക്ഷങ്ങള്‍ ചെലവഴിച്ച് വഴിയോര വിനോദസഞ്ചാര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഓരോ ഘട്ടത്തിലും ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതല്ലാതെ പൊതുജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
ഓരോ തവണയും ലക്ഷങ്ങള്‍ മുടക്കി വിവിധ സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോഴെല്ലാം ആവശ്യത്തിന് ഫര്‍ണിച്ചറുകളും മറ്റും വാങ്ങുന്നുണ്ടെങ്കിലും പിന്നീട് അവയെപ്പറ്റി ആര്‍ക്കും അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവില്‍ ഈ കെട്ടിടത്തിനു പിന്നിൽ ലോഡുകണക്കിന് മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. അതും വര്‍ഷങ്ങൾ പഴക്കംചെന്ന് മഴയും വെയിലുമേറ്റ് പായല്പിടിച്ചവയാണ്.
ചാക്കിലും കൂടുകളിലും മാലിന്യം നിറച്ച് ചെറുതും വലുതുമായ കെട്ടുകള്‍ വലിയ ലോറിയില്‍ കയറ്റാന്‍ മാത്രം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.സമീപ വീടുകളിലെല്ലാം ഈച്ചയും കൊതുകും പെരുകി ജനജീവിതം ദുരിതപൂര്‍ണമായിട്ടും പഞ്ചായത്ത് അധികൃതര്‍ ഇങ്ങോട്ടേക്ക് എത്തി നോക്കാറില്ല.