10000 കുപ്പിയടപ്പിൽ ഒരുങ്ങി ചിത്രശലഭ സെല്‍ഫി പോയന്റ്
text_fieldsപ്രിൻസിന്റെ ചിത്രശലഭ സെൽഫി പോയന്റ്
നെടുങ്കണ്ടം: പ്രിന്‍സിന് കുപ്പി അടപ്പുകൾ വെറുതെ കളയാനുള്ളതല്ല. 10000 ത്തോളം കുപ്പി അടപ്പുകള്‍ ചേര്‍ത്ത് നിര്‍മിച്ച ചിത്രശലഭം കാണുമ്പോൾ കാഴ്ചക്കാർക്ക് അത് ബോധ്യമാകും.
ഇരട്ടയാറ്റില്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രശലഭം കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഇരട്ടയാര്‍ പഞ്ചായത്തിന്റെ മാലിന്യ മുക്ത നവകേരള ജനകീയ കാമ്പയിനിന്റെ ഭാഗമായി ഹരിത കർമസേന വഴി പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 13000 ത്തോളം പാഴ്കുപ്പികളില്‍ നിന്നും തെരഞ്ഞെടുത്ത 10000 ത്തോളം കുപ്പി അടപ്പുകള്‍ ചേര്‍ത്ത് നിര്‍മിച്ചതാണ് ചിത്രശലഭ സെല്‍ഫി പോയിന്റ്.
ഒമ്പത് അടി ഉയരവും ഒമ്പത് അടി വീതിയിലുമാണ് ശലഭത്തെ നിര്‍മിച്ചിരിക്കുന്നത്. ഇതിന് സമീപത്തായി പ്ലാസ്റ്റിക് കുപ്പി, ബക്കറ്റ് എന്നിവകൊണ്ട് പൂന്തോട്ടവും മനോഹരമായ പുഷ്പങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂസ്,വെള്ളം,ലോഷന്‍ എന്നീ കുപ്പികളുടെ അടപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നതിലധികവും. കുപ്പികള്‍ ശേഖരിച്ചതിലും ഏറെ കഷ്ടപ്പാടായിരുന്നു ഇവ കഴുകി വൃത്തിയാക്കലെന്ന് ശില്‍പ്പി പറഞ്ഞു.
ഇവിടെ എത്തി സെല്‍ഫി എടുക്കുന്നവെര കാത്തിരിക്കുന്നത് 3001 രൂപയാണ്.
നിങ്ങള്‍ സെല്‍ഫി പോയിന്റില്‍ നിന്നും എടുക്കുന്ന ഫോട്ടോ,വിഡിയൊ,റീല്‍സ് എന്നിവ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ചു കൊടുക്കുമ്പോള്‍ നറുക്കിട്ടെടുത്ത് പഞ്ചായത്ത് നല്‍കുന്നതാണ് ഈ തുക. രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രനാണ് ശലഭത്തിന്റെ ശില്‍പ്പി.
കുപ്പി അടപ്പുകള്ക്കൊപ്പം ബോര്‍ഡ്,പൈപ്പ്,പശ എന്നിവയും ഉപയോഗിച്ചിരിക്കുന്നു. 25000ഓളം രൂപ മുടക്കി ഒരാഴ്ച കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തേര്‍ഡ് ക്യാമ്പില്‍ വെല്‍ഡിങ് വര്‍ക്ഷോപ് നടത്തുന്ന മെക്കാനിക്കാണ് പ്രിന്‍സ്. ഇദ്ദേഹത്തിന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികാഘോഷത്തിന് 35 കിലോ ഭാരവും ആറടി ഉയരവും രണ്ടരയടി വ്യാസവുമുള്ള റോസാപൂഷ്പം ഇരുമ്പ് പട്ടയില്‍ നിര്‍മിച്ച് ഭാര്യക്ക് നല്‍കിയിരുന്നു. കൂടാതെ സുഗന്ധവ്യഞ്ജനങ്ങള്‍, കാര്‍ഷിക വിളകള്‍, പച്ചക്കറികള്‍ തുടങ്ങി ഇടുക്കിയിലെ 20 ഇനം നാണ്യവിളകള്‍ കൊണ്ട് മുഖ്യമന്ത്രി് പിണറായി വിജയന്റെ ചിത്രം നിര്‍മിച്ചിരുന്നു.
ആക്രി സാധനങ്ങള്‍ കൊണ്ട് സ്വന്തം കരവിരുതില്‍ വിമാനവും ഏഴരയടി ഉയരവും 120 കിലോഗ്രാം തൂക്കവുമുള്ള ലോക കപ്പ്,സത്രം എയര്‍ ട്രിപ്പില്‍ ഇറങ്ങിയ വൈറസ് എസ്.ഡബ്ളിയു 80 എന്ന വിമാനത്തിന്റെ ചെറുമാതൃക,വിവിധ സ്കൂളിലേക്കായി കാറ്റാടിയന്ത്രം,ഗ്ലോബ്,ഹെലികോപ്റ്റര്‍,വന്ദേഭാരത് ട്രെയിന്‍ എന്നിവ നിര്‍മിച്ച് മുമ്പ് വിവിധ റിക്കോര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഉടുമ്പന്‍ചോല വില്ലേജ് എക്സ്റ്റൻഷന്‍ ഓഫിസര്‍ രജിമോളാണ് ഭാര്യ. വിദ്യാർഥികളായ ഭുവന,പ്രപഞ്ച് എന്നിവര്‍ മക്കളാണ്.