തയ്യലാണ് സുദർശനെൻറ ജീവിത താളം
text_fieldsതയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുദര്ശനന്
നെടുങ്കണ്ടം: തയ്യൽ ഒരു കലയാണെങ്കിൽ അതിൽ അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കലാകാരനാണ് സുദർശനൻ. തയ്യൽ മെഷീെൻറ കറക്കം ജീവിതത്തിെൻറ താളമായി മാറിയ ഇൗ 67കാരന് പറയാൻ കഥകളും ഏറെയാണ്. 15ാം വയസ്സില്‍ സൂചിയില്‍ നൂല് കോര്ത്ത്് മെഷീന് ചക്രം ചവിട്ടി തുടങ്ങിയതാണ് നെടുങ്കണ്ടം ഇടയില്‍ അഴികത്ത് സുദര്ശനന്.
കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ അഞ്ചല്‍ കരുകോണിലായിരുന്നു താമസം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിയ അച്ഛനോടൊപ്പമാണ് സുദർശനനും മല കയറിയത്. അക്കാലത്ത് ഒരു ഷര്‍ട്ട് തയ്ച്ചാല് കിട്ടുന്നത് നാലണയാണ് (ഇന്നത്തെ 25 പൈസ). പിന്നീട് ആറണയും എട്ടണയും ആയി. അതിനുശേഷം കുറെക്കാലം 75 പൈസയായിരുന്നു. കൂലി കിട്ടുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. വൃത്തിയുള്ള ജോലി എന്നതൊഴിച്ചാല്‍ അന്നും ഇന്നും തയ്യലിൽ വലിയ നേട്ടങ്ങളില്ലെന്ന് സുദർശനൻ പറയുന്നു.
മറ്റ് വരുമാനമൊന്നുമില്ലാതെ ഈ തൊഴില്‍ മാത്രം ചെയ്ത് രക്ഷപ്പെട്ടവരാരുമില്ലെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. പഴയകാലത്ത് രണ്ട് ഷര്ട്ട്് തയ്ക്കാന്‍ കിട്ടിയാൽ ഒരെണ്ണമേ തിരികെ വാങ്ങാറുള്ളൂ. ഒരെണ്ണം ഉടമയുടെ വരവും കാത്ത്് നാളുകളോളം തയ്യല്ക്കാരെൻറ തടിപ്പെട്ടിയില് വിശ്രമിക്കും. അന്നൊന്നും തയ്യലിന് പ്രത്യേക കടകളില്ല.
വസ്ത്രവ്യാപാര ശാലയുടെ വരാന്തകളിലിരുന്നായിരുന്നു തയ്യല്‍. രാവിലെ കടക്കുള്ളില്‍നിന്ന് മെഷീനും സ്റ്റൂളും എടുത്ത്്് തിണ്ണയിലിട്ടശേഷം മെഷീൻ തുടച്ചുകഴിഞ്ഞ്്് പത്രങ്ങള്‍ വായിക്കും. നാളുകളോളം കടത്തിണ്ണയില്‍ ഇരുന്ന് ജോലി ചെയ്ത് ഒടുവില്‍ തിരികെ പോകുമ്പോള്‍ മെഷീനും സ്റ്റൂളും കടയുടമക്ക് കൊടുത്തിട്ട് പോകുകയായിരുന്നു പതിവ്.
1980ന് ശേഷമാണ് ഈ മേഖല പുരോഗമിച്ചത്. നാട്ടില്‍ അങ്ങിങ്ങായി തയ്യല്‍ക്കടകള്‍ ആരംഭിച്ചു. അന്ന് 250 രൂപ കൊടുത്താൽ പുതിയ മെഷീൻ വാങ്ങാം. ഇന്നത് 7000 ആയി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വരവോടെ തയ്യല്‍ തൊഴിലാളികളുടെ ശനിദശ തുടങ്ങി. സ്കൂള്‍ തുറക്കുന്ന സമയത്ത് മാത്രമാണ് കുറച്ച് മെച്ചം. കോവിഡ് വന്നതോടെ അതും ഇല്ലാതായി.
സുഹൃത്തുക്കള്‍ പലരും പെയിൻറിങ്സും മേസ്തിരിപ്പണിയും ഉൾപ്പെടെ മറ്റ് തൊഴിലുകളിലേക്ക് മാറിയെങ്കിലും സുദര്ശനൻ തയ്യല്‍ തൊഴില്‍ ഉപേക്ഷിക്കാൻ തയാറായില്ല. ഇദ്ദേഹത്തിന് നൂറോളം ശിഷ്യന്മാരുണ്ട്. പണ്ട് ഒരേസമയം അഞ്ചും ആറും പേര് തയ്യല്‍ പഠിക്കാന്‍ എത്തിയിരുന്നു. ഇന്ന് ഇൗ തൊഴിൽ പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഭാര്യ ഇന്ദിരയും സുദർശനനൊപ്പം തയ്ക്കുന്നുണ്ട്.