രണ്ട് മാസത്തിനിടെ 3.66 ലക്ഷം തട്ടി പീരുമേട് പഞ്ചായത്ത് അസി. സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsനെടുങ്കണ്ടം: ചെക്കുകളിലും ബില്ലുകളിലും കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ മുന്‍ അക്കൗണ്ടന്റും നിലവിൽ പീരുമേട് പഞ്ചായത്ത് അസി. സെക്രട്ടറിയുമായ പി.ബി. ബിനോയിയെ സസ്പെൻഡ് ചെയ്തു. ജില്ല ജോയന്റ് ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി. രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ ബില്‍ രജിസ്റ്ററില്‍ ചേര്‍ക്കാതെയും ഫയലുകള്‍ ആരംഭിക്കാതെയും ചെക്കുകളില്‍ തിരുത്തി എഴുതിയും 3,66,570 രൂപ തട്ടിയെടുത്തതിനാണ് നടപടി. 2024 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമക്കേട് നടത്തി ധനാപഹരണം നടത്തിയതായി പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍ ജില്ല ജോയന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി. അതേസമയം, വൻ തുകയുടെ തട്ടിപ്പ് നടന്നതായും ചെക്കിൽ ഒപ്പിട്ട ഉദ്യോഗസ്ഥർ അടക്കം ആരോപണ നിഴലിലാണെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്.
1930 രൂപയുടെ ബില്ലിന് 11,930 രൂപയുടെ ചെക്ക്; 4800ന് 24,800
നെടുങ്കണ്ടം: പഞ്ചായത്തിലെ ഓരോ ബില്ലിന്റെയും ചെക്കുകൾ മാറുമ്പോൾ പതിൻമടങ്ങ് തുക എഴുതിയെടുത്താണ് പി.ബി. ബിനോയി തട്ടിപ്പ് നടന്നത്. 1930 രൂപയുടെ ബില്ലിന് 11,930 രൂപയും 4800ന് 24,800 രൂപയും ചെക്ക് വഴി മാറിയിട്ടും ആരും ആദ്യം കണ്ടുപിടിച്ചില്ലെന്നതാണ് അത്ഭുതം.
ഓരോ ചെക്കിലും അക്കത്തിലും അക്ഷരത്തിലും തുക എഴുതുമ്പോൾ 1930ന്റെ മുന്നിൽ ഒരു ‘1 ’കൂടി ഇട്ട് 11930ഉം 4800ന് മുന്നിൽ ‘2’ കൂടി ഇട്ട് 24800ഉം ഒക്കെ ആക്കി മാറ്റുകയായിരുന്നു. അക്ഷരത്തിൽ എഴുതേണ്ട സ്ഥാനത്ത് കുറച്ച് സ്ഥലം വിട്ട് പിന്നീട് കൂട്ടിച്ചേർത്തുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
പഞ്ചായത്തിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിന് റിങ് നിര്‍മിക്കാൻ രണ്ട് ബില്ലിനായി 1930 രൂപക്ക് പകരം 11,930 രൂപ, ക്രിമറ്റോറിയത്തിലെ കാട് തെളിച്ചതിന് 4800 രൂപക്ക് പകരം 24,800 രൂപ, നായെ മറവ് ചെയ്തതിന് 500 രൂപയും ഖരമാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ചാണകം വാങ്ങിയതിന് 2500 രൂപയും ഉള്‍പ്പെടെ 3000 രൂപക്ക് പകരം 13,000 രൂപ എന്നിങ്ങനെയൊക്കെ ചെക്ക് എഴുതി മാറിയിട്ടുണ്ട്. പ്ലംബ്ലിങ്ങിന് ബില്‍ രജിസ്റ്ററില്‍ 1800 രൂപയാണെങ്കിൽ ചെക്കില്‍ 11,800 രൂപയാക്കി. വൈദ്യുതി ചാര്‍ജിനത്തില്‍ അടക്കേണ്ട 651 രൂപക്ക് പകരം 16,651 രൂപയാക്കി. 202 രൂപക്ക് പകരം 12,202 രൂപ മാറിയെടുത്ത സംഭവവുമുണ്ട്. മൂന്ന് കസേരയില്‍ വിരിക്കാൻ ടര്‍ക്കിക്ക് 650 രൂപയാണെങ്കിൽ ചെക്ക് എഴുതിയത് 5650 രൂപക്ക്. 2635 രൂപക്ക് പകരം 22,635 രൂപ ചെക്കില്‍ എഴുതിയ സംഭവവുമുണ്ട്.
മഴക്കോട്ടുകള്‍ക്ക് 2930 രൂപക്ക് പകരം 22,930 രൂപ, ഒമ്പത് വൈദ്യുതി ബില്ലിൽ അടക്കേണ്ടത് 2328 രൂപക്ക് 12,328 രൂപ. ഖരമാലിന്യ പ്ലാന്റിലെ മോട്ടോര്‍ അറ്റകുറ്റപ്പണിക്ക് ബില്‍ 2200 രൂപയാണ്.
ചെക്കിൽ എഴുതി മാറിയത് 22,200 രൂപയാണ്. സില്‍ഫ രവീന്ദ്രന് എന്ന പേരിലുള്ള ചെക്കിൽ 21,050 രൂപ മാറിയിട്ടുണ്ട്. മറ്റൊരു രേഖയും ഉള്‍പ്പെടുത്തിയിട്ടില്ല.
തട്ടിയത് 8.14 ലക്ഷമെന്ന് വൈസ് പ്രസിഡന്റ്; കൃത്രിമം കാട്ടിയത് 55 ചെക്കുകളില്‍
നെടുങ്കണ്ടം: പഞ്ചായത്തിലെ മുന്‍ ജീവനക്കാരന് പി.ബി. ബിനോയി 55 ചെക്കുകളില്‍ കൃത്രിമം കാട്ടി 8,14,000 രൂപ തട്ടിയെടുത്തിട്ടുള്ളതായി ആരോപിച്ച് ധനകാര്യ സ്ഥിരം സമിതി അംഗങ്ങൾ രംഗത്ത്.
വൈസ് പ്രസിഡന്റ് ഡി. ജയകുമാര്‍, മുന്‍ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍ എന്നിവരാണ് വാര്‍ത്തസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ജീവനക്കാരിലും ഭരണ സമിതിയിലെ ചില അംഗങ്ങളിലും ചേരിപ്പോര് രൂക്ഷമായതിനിടയിലാണ് വാര്‍ത്തസമ്മേളനവുമായി ധനകാര്യ സ്ഥിരം സമിതി രംഗത്തെത്തിയത്.
തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കവർന്ന ഉദ്യോഗസ്ഥൻ പോയി മാസങ്ങള്‍ക്ക് ശേഷമെത്തിയ പുതിയ അക്കൗണ്ടന്റാണ് തട്ടിപ്പ് കണ്ടുപിടിക്കുന്നത്. തട്ടിപ്പ് നടത്തി സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നടപടി വന്ന ശേഷമാണ് ധനകാര്യ സ്ഥിരം സമിതി വാർത്തസമ്മേളനം നടത്തിയത്.
നാളുകളായി ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും ഉന്നത ഉദ്യോഗസ്ഥന് അറിയാഞ്ഞതില്‍ ദുരൂഹതയുള്ളതായി ഭരണകക്ഷിയിലെ തന്നെ ചില അംഗങ്ങളും ആരോപിക്കുന്നു. ഇടതു മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.