തേയില വില ഉയരുമ്പോഴും കൊളുന്തിന് രക്ഷയില്ല
text_fieldsതേയിലത്തോട്ടം
നെടുങ്കണ്ടം: തേയിലപ്പൊടിക്ക് വില കുതിച്ചുയരുമ്പോഴും കൊളുന്തിന്റെ വിലക്കുറവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉല്പാദനം വര്‍ധിക്കുമ്പോള്‍ കൊളുന്തിന് വില കുറയുകയാണ്. എന്നാല്‍, ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഉല്പാദനം കൂടുമ്പോള്‍ തേയില ഫാക്ടറികള്‍ കൊളുന്ത് വാങ്ങുന്നത് നിര്‍ത്തും.
ഇതോടെ കൊളുന്ത് വില്ക്കാന് മറ്റ് മാര്‍ഗമില്ലാതെ കര്ഷകര്കൊളുന്ത് എടുക്കാന്‍ മിനക്കെടാതെ ഉപേക്ഷിക്കുകയാണ് പതിവ്. ഒരുകിലോ കൊളുന്തിന് നിലവില്‍ 18 രൂപയാണ് കര്ഷകന് ലഭിക്കുന്നത്. ഉല്പാദന ചെലവുമായി തട്ടിച്ചു നോക്കിയാല്‍ ഈ വിലകൊണ്ട് കൃഷി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോക്ക് 30 രൂപവില കിട്ടിയാലെ കര്ഷകന് തേയില കൃഷി ലാഭകരമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്നാണിവർ പറയുന്നത്.
ജില്ലയില്‍ മാത്രം 12000ഓളം ചെറുകിട തേയില കര്‍ഷകരുണ്ട്. വാഗമണ്‍, ഉപ്പുതറ, തോപ്രാംകുടി, കാല്‍വരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് സീസണില്‍ രണ്ടര ലക്ഷത്തോളം കൊളുന്താണ് ഫാക്ടറികളിലേക്ക് പോകുന്നത്.സീസണില്‍ വില കിട്ടാത്തതിനാല്‍ വെറുതെ നശിപ്പിച്ചു കളയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. അതിന് പരിഹാരമായി പല ഫാക്ടറികള്‍ക്കും കൊളുന്ത് വാങ്ങിയെടുത്ത് സംസ്കരിക്കാന്‍ കഴിയുന്നില്ല.
സീസണില്‍ നിസ്സാരവില കിട്ടുന്നതിനു പുറമെ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി ആവശ്യസമയത്ത് വളം കിട്ടാറില്ലെന്നതാണ്. വളം ഇല്ലാതെ വന്നാല്‍ ഉല്പാദനം പകുതിയായി കുറയും. യൂറിയ കിട്ടുമ്പോള്‍ പൊട്ടാഷ് കിട്ടില്ല. പല കര്‍ഷകരും യൂറിയ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കിലും പൊട്ടാഷ് കിട്ടാനില്ല. ഇത് രണ്ടുമാണ് പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങള്‍. ഇവ രണ്ടും കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കൃഷി നന്നായി കൊണ്ടുപോകാനാവു.


