ജനകീയ കൂട്ടായ്മ കൈകോര്‍ത്തു; കൂട്ടാര്‍ പുഴക്ക് കുറുകെ തടിപ്പാലം ഉയര്‍ന്നു
text_fieldsനെടുങ്കണ്ടം: ജനകീയ കൂട്ടായ്മ ഒരുമിച്ചതോടെ കൂട്ടാര്‍ പുഴക്ക് കുറുകെ താല്‍ക്കാലിക തടിപ്പാലം ഉയര്‍ന്നു. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന കൂട്ടാര്‍- അന്യാര്‍തൊളു പാലത്തിന് പകരമായാണ് താല്‍ക്കാലിക നടപ്പാലം നിര്‍മിച്ചത്. എന്നാല്‍ വാഹനങ്ങള്‍ക്ക് അക്കരെ ഇക്കരെ പോകണമെങ്കില്‍ പുതിയ പാലം നിർമിക്കേണ്ടി വരും.
കരുണാപുരം പാമ്പാടുംപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ് പതിറ്റാണ്ട് പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ഇത് ഇരുപഞ്ചായത്തുകളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കുമരകംമെട്ട്, അല്ലിയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും പോത്തുംകണ്ടം, കൂട്ടാര്‍, കുഴിത്തൊളു, തേര്‍ഡ്ക്യാമ്പ്, കരുണാപുരം, മുണ്ടിയെരുമ, വണ്ടന്മേട് എന്നീ സ്കൂളുകളിലേക്ക് പോകേണ്ട ബസുകളും ഈ പാലത്തിലൂടെയാണ് പോയിരുന്നത്. പാലം തകര്ന്നേതാടെ മൂന്ന് കിലോമീറ്റര്‍ വരെ ചുറ്റണം.


