മോഷണം പെരുകുന്നു; പച്ച ഏലക്കക്ക് രക്ഷയില്ല
text_fieldsനെടുങ്കണ്ടം: ഏലക്ക വില വര്‍ധിച്ചതോടെ ഹൈറേഞ്ചില്‍ പച്ച ഏലക്ക മോഷണം പെരുകുന്നു. കഴിഞ്ഞദിവസം കട്ടപ്പനക്കടുത്ത് പുളിയന്മലയിലെ ഏലത്തോട്ടത്തിൽനിന്ന് 35 കിലോ പച്ച ഏലക്കയാണ് മോഷ്ടിച്ചത്. വാകവയലില്‍ വിനോദിന്റെ തോട്ടത്തില്‍ വിളവെടുത്ത് ചാക്കില്‍ സൂക്ഷിച്ച ഏലക്കായാണ് മോഷണം പോയത്.
ഒരാഴ്ച മുമ്പും ഇതേ തോട്ടത്തില്‍ മോഷണം നടന്നിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സമീപത്തെ ഐക്കരതകിടിയേല് സിന്ധു വിജയന്റെ ഏലത്തോട്ടത്തില്‍നിന്ന് ചരവും ഉപ്പുതറയില്‍ പാട്ടത്തിന് എടുത്ത സ്ഥലത്തുനിന്ന് ഏലക്കയും മോഷണം പോയിരുന്നു. നെടുങ്കണ്ടം, കട്ടപ്പന, കമ്പംമെട്ട്, ഉടുമ്പന്‍ചോല, ഉപ്പുതറ പൊലീസ് സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികളുണ്ട്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏലത്തോട്ടങ്ങളില്‍നിന്ന് പട്ടാപ്പകലാണ് എലക്ക കടത്തുന്നത്.
തോട്ടം ഉടമ തൊഴിലാഴികളെ കൊണ്ട് പറിച്ചെടുത്ത് ചാക്കുകളില്‍ നിറച്ച് വൈകീട്ട് വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ സൂക്ഷിക്കുന്ന ഏലക്കയാണ് മോഷ്ടിക്കുന്നതിൽ അധികവും. കൂടാതെ വിളവെടുക്കാന്‍ പാകമായ കായ്കളും ചെത്തിയെടുക്കുന്നുണ്ട്. മുമ്പ് പച്ച ഏലക്ക ശരത്തോടെ മുറിച്ചുകടത്തുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ തൊഴിലാളികള്‍ ചാക്കില്‍ നിറച്ചുവെച്ച കായ്കളണ് മോഷ്ടിക്കുന്നത്.
ചില തോട്ടങ്ങളിലെ ഷെഡിന് സമീപം വളം എടുത്ത ശേഷം സൂക്ഷുക്കുന്ന ചാക്കുകളില്‍ നിറച്ചാണ് മോഷ്ടാക്കള്‍ ശരത്തോടുകൂടി ഏലക്ക കടത്തുന്നത്. തൊഴിലാഴികള്‍ പറിച്ചെടുക്കുന്ന ഏലക്ക ചാക്കുകളില്‍ നിറച്ച് ഷെഡിലോ തോട്ടത്തിലോ വെച്ച ശേഷം അടുത്ത കായ് എടുക്കാന്‍ പോകുന്ന സമയത്താണ് മോഷണങ്ങൾ അധികവും.
ഏലക്ക സ്റ്റോറുകളിലും മലഞ്ചരക്ക് കടകളിലും പച്ച ഏലക്ക വ്യാപാരം വ്യാപകമായതാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്നാണ് ചില കര്‍ഷകര്‍ പറയുന്നത്. കൂട്ടാര്‍ മേഖലയില്‍ പുല്ല് ചെത്താനെന്ന വ്യാജേന കൃഷിയിടങ്ങളില്‍ എത്തി പച്ച ഏലക്ക മോഷണം നടത്തി വന്ന ഒരു കുടുംബത്തിലെ മൂന്നുപേരെ തമിഴ്നാട് തേവാരത്തെ ലോഡ്ജില്‍നിന്ന് കമ്പംമെട്ട് പൊലീസ് മുമ്പ് പിടികൂടിയിരുന്നു.
മഞ്ഞപ്പെട്ടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍നിന്ന് 1500 കിലോയോളം പച്ച ഏലക്ക മോഷണം പോയ സംഭവവും മുമ്പുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വട്ടപ്പാറ സേനാപതിയില്‍ ഏലത്തോട്ടത്തില്‍ പറിച്ചുവെച്ച 75 കിലോ പച്ച ഏലക്ക മോഷ്ടിച്ച കേസില്‍ തമിഴ്നാട് തേനി സ്വദേശിയെ ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹൈറേഞ്ചിലെ ചെറുതും വലുതുമായ വിവിധ തോട്ടങ്ങളില്‍നിന്നും പച്ച ഏലക്ക മോഷണം വ്യാപകമായിട്ടുണ്ട്. ചില തോട്ടം ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റുചിലർ പരാതി നൽകാൻ മെനക്കെടാറില്ല. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. വില വര്‍ധിച്ചതോടെ ഏലക്ക മോഷണം വ്യാപകമാണെന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.


