മൂന്ന് പതിറ്റാണ്ടായിട്ടും തേവാരംമെട്ട് വനം വകുപ്പ് ഓഫിസ് വാടകകെട്ടിടത്തില് തന്നെ
text_fieldsഉടുമ്പന്‍ചോല ടൗണില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന തേവാരംമെട്ട് വനംവകുപ്പ് സെക്ഷന്ഓഫിസ്
നെടുങ്കണ്ടം: പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് പതിറ്റാണ്ടായിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ പ്രവർത്തിക്കുകയാണ് വനം വകുപ്പ് ഓഫിസ്. ടൗൺ മധ്യത്തിൽ വാടകകെട്ടിടത്തില് അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ഈ സര്‍ക്കാര്‍ ഓഫിസ് പ്രവർത്തനം.
വനം വകുപ്പിന്റെ തേവാരംമെട്ട് സെക്ഷന്‍ ഓഫിസിനാണ് ഈ ദുർഗതി. ഉടുമ്പന്‍ചോല ടൗണില്‍ നിന്നു തിരിയാന്‍ ഇടമില്ലാതെയാണ് പ്രവർത്തനം. ജീവനക്കാര്‍ക്ക് ഇരിക്കുന്നതിനോ വിശ്രമിക്കുന്നതിനൊ പ്രാഥമിക കാര്യങ്ങള്‍ നിര്വഹിക്കുന്നിനോ സൗകര്യമില്ല. വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇരിക്കാനും സൗകര്യമില്ല.
വനം വകുപ്പിന് സ്വന്തമായി സ്ഥലമില്ല
1995 മുതല്‍ വാടക കെട്ടിടത്തിലാണ് ഈ സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം. ആദ്യം ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് പിന്നീട് ഉടുമ്പന്‍ചോല ടൗണിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏലം കുത്തകപ്പാട്ട ഭൂമിയുടെ സംരക്ഷണത്തിനാണ് വനംവകുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വനംവകുപ്പിന് സ്വന്തമായി സ്ഥലമില്ലാത്തതാണ് കെട്ടിടം നിര്‍മിക്കാന്‍ തടസം.
ഓഫിസിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സ്ഥലം എം.എല്‍.എ എം.എം.മണി വിഷയം സര്‍ക്കാർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നാല്വര്ഷം മുമ്പ് ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനു സമീപം സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഓഫീസ്
ഫോറസ്റ്റര്‍-മൂന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍,വാച്ചര്‍ എന്നിങ്ങനെ അഞ്ചു ജീവനക്കാരാണ് ഇവിടെ നിലവിലുള്ളത്. ഇവരുടെ പരിധിയില്‍ വരുന്നത് 95.5സ്ക്വയര്‍ കിലോ മീറ്റര്‍ സ്ഥലമാണ്. ഉടുമ്പന്‍ചോല,പാറത്തോട്,ചതുരംഗപ്പാറ,കൊന്നത്തടി വില്ലേജുകള്‍ പരിധിയില്‍ വരും.
ടൗണിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ഒരു മുറിയില്‍ ഓഫീസ്,അടുക്കള,വിശ്രമമുറി എന്നിങ്ങനെ മൂന്ന് മുറികളിലാണ് പ്രവര്‍ത്തനം. മൂന്ന് മുറി കെട്ടിടത്തിന് 7000 രൂപയോളം പ്രതിമാസം വാടക നല്‍കണം. സ്വന്തമായി വാഹനവും സെക്ഷന്‍ ഓഫീസിനില്ല. അടിയന്തിര സാഹചര്യങ്ങളില്‍ വാടക വാഹനങ്ങളിൽ എത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ഗുരുതര കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമെ മറ്റ് ഓഫീസിലെ വാഹനം ഇങ്ങോട്ടേക്ക് നല്‍കൂ.
പരിമിതികളിൽ വലഞ്ഞ് ജീവനക്കാർ
തേവാരംമെട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിധിയില്‍ നിരവധി ഏക്കര്‍ കൃഷി സ്ഥലമാണ് ഓരോഘട്ടത്തിലും കാട്ടാന തകര്‍ക്കുന്നത്. ദിവസങ്ങളോളം കാട്ടാനക്കൂട്ടം ഏലതോട്ടങ്ങളില്‍ തമ്പടിക്കുമ്പോള്‍ ജീവന് പണയംവെച്ചാണ് വനം വകുപ്പ് ഓഫീസ് ജീവനക്കാര്‍ എത്തി മൃഗങ്ങളെ തുരത്തുന്നത്.
പല സന്ദര്‍ഭങ്ങളിലും വാടക കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ശമ്പളത്തില്‍ നിന്നും ഒരുവിഹിതം പിരിവിട്ടെടുക്കേണ്ടി വന്നിട്ടുണ്ട്.ജീവനക്കാര്‍ക്ക് ആവശ്യമായ വെള്ളം വരെ പുറത്തുനിന്നും വാങ്ങണം. വനം വകുപ്പ് ഓഫീസുണ്ടെങ്കിലും സെക്ഷന്‍ ഓഫീസ് പരിധിയില്‍ വനമില്ലെന്നതാണ് വിചിത്രം.