നെടുങ്കണ്ടത്തെ ഗതാഗതക്കുരുക്ക്; നിർദേശങ്ങൾ കടലാസിൽതന്നെ
text_fieldsനെടുങ്കണ്ടം: അപകടങ്ങള്‍ നിത്യസംഭവമായിട്ടും ടൗണില്‍ തോന്നിയതു പോലെ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് നിയന്ത്രണമില്ല. ബി.എഡ് കോളജ് ജങ്ഷന് മുതല്‍ പടിഞ്ഞാറെ കവല വരെ ഇതാണ് സ്ഥിതി. ടൗണിലെ ഗതാഗത ക്കുരുക്ക് ഒഴിവാക്കാന്‍ ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്ന് 16 നിര്‍ദേശങ്ങള്‍ എടുത്തിരുന്നു. ഇത് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കാന്‍ തീരുമാനം എടുത്ത് ഏഴ് വര്‍ഷമായിട്ടും ഒന്നുപോലും നടപ്പാക്കിയിട്ടില്ല.
എവിടെ യാത്രക്കാര്‍ കൈകാണിക്കുന്നുേവാ അവിടെ നിര്‍ത്തുക പതിവാണ്. യാത്രക്കാര്‍ കയറുന്നതിനിടയില്‍ പിന്നാലെ എത്തുന്ന വാഹനങ്ങളുടെ ഹോണ്‍ ശല്യം മൂലം യാത്രക്കാര്‍ കയറും മുമ്പ് ബസ് ഓടിച്ചുപോവുക പതിവാണ്. ഈ രീതിയിൽ യാത്രക്കാര്‍ കയറും മുമ്പ് ബസ് മൂന്നോട്ടെടുത്തതാണ് ചൊവ്വാഴ്ച ഉച്ചക്ക് ചവിട്ടുപടിയില്‍നിന്നും വയോധിക താഴെ പോകാനും ബസിന്റെ പിന്‍ചക്രം കാലിൽ കയറിയിറങ്ങാനും ഇടയായത്.
അഞ്ച് റോഡുകള്‍ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകള്‍ ചേരുന്ന പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കിഴക്കേ കവല കോടതി ജങ്ഷന് മുതല്‍ ബസ് സ്റ്റാൻഡ് ജങ്ഷന് വരെ റോഡിനിരുവശവും അനധികൃതമായാണ് സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
കുമളി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്ന ടൗണില്‍ നാല് സ്ഥലത്ത് മാത്രമേ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കാവൂ. ഇതൊന്നും ബസ് ജീവനക്കാര്‍ പാലിക്കാറില്ല. കിഴക്കെകവല കഴിഞ്ഞാല്‍ സെൻറ് സെബാസ്റ്റ്യന്‍ സ്കൂള്‍ ജങ്ഷന്, പച്ചടി ജങ്ഷന്, വികസനസമിതി സ്റ്റേജ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ബസ് നിര്‍ത്താൻ അനുമതി.
മുമ്പ് ട്രാഫിക് നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡുകളെ വിവിധ ഭാഗങ്ങളില്‍ നിയമിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ അലംഭാവം തുടര്‍ക്കഥയാകുമ്പോള്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സങ്ങളും അപകടങ്ങളും വർധിക്കുകയാണ്.
ജോ. ആര്.ടി ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവര്‍ ചെറുവിരല്‍ അനക്കാറില്ല. വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടം അടച്ചും കാല്‍നട ക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത വിധത്തിലുമാണ് പലപ്പോഴും വാഹനങ്ങൾ നിർത്തിയിടുന്നത്.