നെടുങ്കണ്ടം ടൗണിലും കാട്ടുപന്നി
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയിലെ കൃഷിയിടങ്ങളില്‍ വിഹരിച്ചിരുന്ന കാട്ടുപന്നി നെടുങ്കണ്ടം ടൗണിലും എത്തിത്തുടങ്ങി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം കിഴക്കെ കവല ബി.എഡ് കോളജ് ജങ്ഷനിലാണ് കാട്ടുപന്നി ഇറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് കാട്ടുപന്നി റോഡിലൂടെ എത്തിയത്. പുലര്‍ച്ച നടക്കാന്‍ പോയ ആളുകളാണ് കാട്ടുപന്നിയെ കണ്ടത്. തുടര്‍ന്ന് അതുവഴി എത്തിയ ഇരുചക്രവാഹന യാത്രികന് കാട്ടുപന്നിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
വിവിധ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് കാട്ടുപന്നി ഇറങ്ങിയത്.
നാളുകളായി ഹൈറേഞ്ച് മേഖലയില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മാവടിയിലും തൂക്കുപാലത്തും മൈലാടുംപാറയിലും കാല്‍നടയാത്രികനും ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹന യാത്രികനും പരിക്കേറ്റിരുന്നു. ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.