ഇല്ല, മായില്ല ആ കുടിയിരുത്തൽ കാലം...
text_fieldsമാധിക്കുട്ടിയമ്മ
നെടുങ്കണ്ടം: ഓർമകൾ പലയിടത്തും മാഞ്ഞു തുടങ്ങിയെങ്കിലും 99 വയസ്സുള്ള മാധിക്കുട്ടിയമ്മക്ക് കാട്ടുജീവികളുമായി മല്ലടിച്ചും ട്രഞ്ചുകളിലൊളിച്ചും കഴിഞ്ഞ ആ കാലം ഇപ്പോഴും ഒളിമങ്ങാതെ മുന്നിലുണ്ട്.
പട്ടം കോളനിയുടെ സപ്തതി ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവുമ്പോൾ ഏഴ് പതിറ്റാണ്ട് മുമ്പ് പട്ടം കോളനിയിൽ കുടിയിരുത്തപ്പെട്ടവരിലെ ആദ്യ പട്ടയക്കാരിയായ മാധവിക്കുട്ടിയമ്മക്ക് ആ കാലം അങ്ങനെയങ്ങ് മറക്കാനാവില്ല. ആ ഓർമകളാണ് രാമക്കല്‍മേട് കോമ്പമുക്ക് ബ്ലോക് നമ്പര്‍ 805ല്‍ താമസിക്കുന്ന മാധവിക്കുട്ടിയുടെ ജീവിതം. മാധവിക്കുട്ടിയമ്മ കുടിയേറ്റക്കാരിയല്ല, അവരെ കുടിയിരുത്തിയതാണ്. കൊല്ലം ജില്ലയിലെ വള്ളിക്കാവ് ക്ലാപ്പനയിലായിരുന്നു മാധവിക്കുട്ടിയമ്മയുടെ അച്ഛൻ സി. ശങ്കരപിള്ളയുടെ വീട്. ഏഴ് പതിറ്റാണ്ട് മുമ്പ് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള അഞ്ചേക്കർ വീതം സ്ഥലം നൽകുന്നുന്നെ പത്രപരസ്യം കണ്ട് അദ്ദേഹം അപേക്ഷ നൽകി. സ്ഥലം കിട്ടിയപ്പോൾ ശങ്കരപ്പിള്ള അത് മകളുടെ പേരിൽ എഴുതി വാങ്ങി.
അന്ന് ദേവികുളത്താണ് പട്ടയ വിതരണം നടന്നത്. രണ്ടുമൂന്ന് തവണ ദേവികുളത്ത് പോയതായും ഓര്‍ക്കുന്നു. അങ്ങനെ പട്ടം കോളനിയിൽ പട്ടയം കിട്ടിയ ആദ്യ വനിത മാധവിക്കുട്ടിയായി. 6.73 ഏക്കർ സ്ഥലമാണ് അന്ന് കിട്ടിയത്. പട്ടിണി കടുത്തപ്പോൾ കുറേ സ്ഥലം കിട്ടിയ വിലക്ക് ഭർത്താവ് വിറ്റു.
കാട്ടാന ശല്യം അന്നും രൂക്ഷമായിരുന്നു. പലരും ആനശല്യവും പട്ടിണിയും കാരണം സ്ഥലം ഉപേക്ഷിച്ചു പോയി. ആ സ്ഥലമൊക്കെ പലരും കൈക്കലാക്കി. അന്നൊക്കെ എന്തോരം സ്ഥലം വേണമെങ്കിലും കൈവശമാക്കാമായിരുന്നുവെന്ന് മാധവിക്കുട്ടിയമ്മ പറയുന്നു. അന്ന് മനുഷ്യരൊക്കെ നല്ല യോജിപ്പിലായിരുന്നു. ആന വരുമ്പോൾ മറ്റുള്ളവരോടും വിളിച്ച് പറയും.
പന്തം കൊളുത്തി എല്ലാവരും ഒത്തുകൂടി ആനയെ ഓടിക്കും. ഏറുമാടം കെട്ടി താമസിച്ചതും അന്നത്തെ മഴയെപ്പറ്റിയും ചെള്ളുകള്‍ ഉണ്ടായിരുന്നതും പുല്ല് പെര വെച്ചതും എല്ലാം മായാത്ത ഓര്‍മയായി ഇപ്പോഴും മാധിക്കുട്ടിയിലുണ്ട്. അഞ്ചുമക്കളില്‍ രണ്ട് പേര് മരിച്ചുപോയി. നാലാമത്തെ മകള്‍ ലക്ഷ്മിയോടൊപ്പമാണ് ഇപ്പോള്‍ താമസം.
ജില്ലയുടെ മറ്റ് മേഖലകളിലേക്ക് കുടിയേറ്റമാണുണ്ടായതെങ്കില് പട്ടംകോളനിയില്‍ നടന്നത് കുടിയിരുത്തലായിരുന്നു. ഈ മേഖലയിലെ കുടുംബങ്ങളെ വീട്ടുപേരിനു പകരം ബ്ലോക് നമ്പറിലാണ് അറിയപ്പെടുന്നത്. തിരു-കൊച്ചി സര്‍ക്കാര്‍ പത്ര പരസ്യത്തിലൂടെ അര്‍ഹരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും 1000 രൂപ വായ്പയും പണിയായുധങ്ങളുമാണ് അനുവദിച്ചത്.


