ഉദ്ഘാടനം നടന്നിട്ട് ആഴ്ചകൾ മാത്രം; വടക്കേപ്പുഴ ടൂറിസം പദ്ധതി അടച്ചു
text_fieldsകുളമാവ്: ഫെബ്രുവരി 13 ന് ഉദ്ഘാടനം നടത്തി പൊതു ജനത്തിന് തുറന്നു കൊടുത്ത വടക്കേപുഴ ടൂറിസം പദ്ധതി അടച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിച്ചതാണെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ നിലവിലെ പ്രവർത്തനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് നിലവിലെ നടത്തിപ്പുകാർക്ക് കത്ത് നൽകി.
കേരളം ഹൈഡൽ ടൂറിസം സെന്റർ ആണ് അടിമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ പെരിയാർ വാട്ടർ സ്പോർട്സ് ഏജൻസിക്ക് കത്ത് നൽകിയിരിക്കുന്നത്. ഈ ടെൻഡർ വഴി പുതിയ നടത്തിപ്പുകാരെ തേടി ടെൻഡർ സമർപ്പിച്ചാൽ ഇനി പ്രവർത്തിക്കേണ്ടതില്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഏജൻസി വരും വരെ കുളമാവിലെ കയാക്കിങ്ങും കുട്ട വഞ്ചി സവാരിയും മുടങ്ങും. ഉദ്ഘാടനം നടത്തി ദിവസങ്ങൾക്ക് അകം പദ്ധതി അടച്ചു പൂട്ടിയത് നാണക്കേട് ആണെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കും വരെ നിലവിലെ ഏജൻസിയോട് പ്രവർത്തിപ്പിക്കാൻ പറയേണ്ടത് ആയിരുന്നുവെന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനുഷെൽ കുളമാവ് ആവശ്യപെട്ടു.
തൊടുപുഴ തേക്കടി റോഡില്‍ കുളമാവ് ഡാമിന് സമീപം വൈദ്യുതി ഉൽപാദനത്തിന് ജലം ശേഖരിക്കുന്ന തടാകമാണ് വടക്കേപ്പുഴ ജലാശയം. ഇവിടെ യന്ത്രരഹിത, പ്രകൃതി സൗഹൃദമായ കയാക്കിങ്, കുട്ടവഞ്ചി, കനോയിങ് തുടങ്ങിയ ജലവിനോദങ്ങളാണ് ആരംഭിച്ചിരുന്നത്.


