പഞ്ചായത്തുകൾ അപേക്ഷിച്ചില്ല; പാവപ്പെട്ട രോഗികൾക്കുള്ള 50 ലക്ഷം വകമാറ്റുന്നു
text_fieldsചെറുതോണി: പഞ്ചായത്ത് ഭരണസമിതികളുടെ അലംഭാവം മൂലം വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് നീക്കിവെച്ച 50 ലക്ഷം രൂപ വകമാറ്റുന്നു. പഞ്ചായത്തുകൾ അപേക്ഷിക്കാത്തതിനാൽ ചെലവഴിക്കാൻ കഴിയാതെ വന്ന ഈ തുക മറ്റേതെങ്കിലും പദ്ധതിയിലേക്ക് മാർച്ച് 31നകം വകമാറ്റാനാണ് സർക്കാർ ജില്ല പഞ്ചായത്തിനു നൽകിയ നിർദേശം.
പാവപ്പെട്ട വൃക്കരോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് നടത്താൻ സാമ്പത്തികസഹായം നൽകാനാണ് 50 ലക്ഷം രൂപ നീക്കിവെച്ചത്. ഒരു നിർധന രോഗിക്ക് 1200 രൂപ വീതം ഓരോ പ്രാവശ്യവും നൽകാനായിരുന്നു പദ്ധതി. സ്വകാര്യ ആശുപത്രികൾ ഡയാലിസിസിനു 800 രൂപയാണ് വാങ്ങുന്നതെങ്കിലും അനുബന്ധ ചെലവുകളും കൂട്ടിച്ചേർത്ത് 1200 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇതിനായി രോഗികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് മാസങ്ങൾക്കുമുമ്പേ ജില്ല പഞ്ചായത്തു നിർദേശം നൽകിയിരുന്നു.
എന്നാൽ, 52 പഞ്ചായത്തുകളുണ്ടായിട്ടും അടിമാലി മാത്രമാണ് പട്ടിക നൽകിയത്. അപേക്ഷ നൽകേണ്ട കാലാവധി ഫെബ്രുവരി 15 ന് അവസാനിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം രോഗികൾക്ക് മൂന്നുകോടി രൂപ വരെ നൽകിയിരുന്നു. ഇത്തവണയും അപേക്ഷകരുണ്ടെങ്കിൽ മൂന്നുകോടി രൂപാവരെ നൽകാൻ ജില്ല പഞ്ചായത്ത് തയാറായിരുന്നു.