ദേശീയപാത-183ൽ അപകടം പെരുകുന്നു
text_fieldsപീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെ അപകടങ്ങൾ പെരുകുന്നു. ഒരു മാസത്തിനിടെ 15ഓളം അപകടങ്ങളാണ് നടന്നത്. ഇതിൽ ഒരാൾ മരിച്ചു.
വെള്ളിയാഴ്ച്ച പുലർച്ചെ തമിഴ് നാട്ടിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് വാൻ കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി. കോളജിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച് പുല്ലുപാറക്ക് സമീപം നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച് വളഞ്ചാങ്കാനം വളവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇതേ ദിവസം വളഞ്ചാങ്കാനം വളവിൽ നിയന്ത്രണം വിട്ട മിനിലോറി തിട്ടയിലിടിച്ച് നിന്നു. വളഞ്ചാങ്കാനം പാലത്തിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. സെപ്റ്റംബർ അവസാനവാരം മുറിഞ്ഞ പുഴയിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് എതിർ ദിശയിലെ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മരുതുംമൂടിന് സമീപം തമിഴ് നാട് സ്വദേശികളുടെ ഓമ്നി വാനും ലോറിയും കൂട്ടിയിട്ടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.
പെരുവന്താനത്തിന് സമീപം സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു. മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്നു. കൊടും വളവും കയറ്റവും ഇറക്കമുള്ള റോഡിൽ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടം സ്രഷ്ടിക്കുന്നത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾ നിയമലംഘനങ്ങൾ എ.ഐ. ക്യാമറയിൽ പതിയാതിരിക്കാൻ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റ് മറച്ചും അക്ഷരങ്ങൾ കാണാൻ സാധിക്കാത്ത രീതിയിൽ വികലമാക്കിയുമാണ് എത്തുന്നത്. ഇത്തരം വാഹനങ്ങൾ അപകടം ഉണ്ടാക്കി നിർത്താതെ പോകുന്നതും പതിവാണ്.


