പീരുമേട് വില്ലേജിൽ നിരോധനാജ്ഞ ലംഘിച്ച ഏഴ് പേർക്കെതിരെ കേസ്
text_fieldsപീരുമേട്: പരുന്തുംപാറ അടക്കം പീരുമേട് വില്ലേജിലെ നിർദിഷ്ട മേഖലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ഏഴുപേർക്കെതിരെ കേസെടുത്തു. സ്വകാര്യ വ്യക്തി പരുന്തുംപാറയിൽ അനധികൃതമായി സ്ഥാപിച്ച കുരിശും റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
സാധാരണക്കാരെ മുന്നിൽനിർത്തി വലിയ കൈയേറ്റം നടത്തിയ വൻകിടക്കാരെ വെളിച്ചത്തുകൊണ്ടുവരാൻ പൊലീസ്, വിജലൻസ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
പലപ്പോഴും കർഷകരടക്കമുള്ള സാധാരണക്കാർ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. പരിശോധന നടക്കുമ്പോൾ നിയമത്തിന്റെ മുന്നിൽപെടുന്നതും ശിക്ഷ ലഭിക്കുന്നതും ഇവർക്കാണ്. ഇടുക്കിയുടെ വലിയ സാധ്യതയായ ടൂറിസം മേഖലയെയാണ് വൻകിട മാഫിയകൾ തകർക്കുന്നതെന്നും അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കലക്ടർ പറഞ്ഞു.
നിരോധനാജ്ഞ മേയ് രണ്ടുവരെ
സർക്കാർ ഭൂമിയിലെ കൈയേറ്റം, സംഘർഷ സാധ്യത എന്നിവ കണക്കിലെടുത്താണ് പീരുമേട് വില്ലേജിലെ സർവേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724, 813, 896 എന്നിവിടങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷ സംഹിത 163ാം വകുപ്പ് പ്രകാരം മേയ് രണ്ടാം തീയതി അർധരാത്രിവരെയാണ് നിരോധനാജ്ഞ.
മനുഷ്യജീവന് ഹാനിയോ, പൊതുജന സുരക്ഷക്കോ, പൊതുസമാധാനത്തിന് തടസ്സമോ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ജില്ല മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ശിക്ഷ ഇങ്ങനെ
ബി.എൻ.എസ് 223 (പഴയ ഐ.പി.സി 188) പ്രകാരം ഉത്തരവ് ലംഘിച്ചാൽ ആറ് മാസത്തിൽ അധികരിക്കാത്ത തടവോ, 2500 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഹാനികരമായ പ്രവർത്തനങ്ങൾ, സംഘർഷം (അടികലശൽ) എന്നിവയുണ്ടായാൽ ഒരുവർഷം വരെ തടവും 5000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും. അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെ കേരള പഞ്ചായത്ത് ബിൽഡിങ് റൂൾസ് പ്രകാരമാകും നടപടി. കൈയേറ്റങ്ങൾക്കെതിരെ കേരള ലാൻഡ് കൺസർവൻസി ചട്ടങ്ങൾ പ്രകാരവും നടപടി ഉണ്ടാകും.