ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനയും കാട്ടുപോത്തും
text_fieldsജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത്
പീരുമേട്: ജനവാസ മേഖലയിൽ കാട്ടാനയും കാട്ടുപോത്തും ഇറങ്ങി. കുട്ടിക്കാനം - കൊട്ടാരം പഞ്ചായത്ത് റോഡിന് സമീപമുള്ള പുരയിടങ്ങളിലാണ് ആനയും മേമലക്ക് സമീപം കാട്ടുപോത്തും വെള്ളിയാഴ്ച ഇറങ്ങിയത്. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്താണ് ആന ഇറങ്ങിയത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ തെങ്ങ്, വാഴ കൃഷികൾ നശിപ്പിച്ചു.
മുറിഞ്ഞപുഴ വനത്തിൽനിന്ന് കരണ്ടകപ്പാറ മലയിൽ കയറിയ ആന ദേശീയപാത 183 മറികടന്നാണ് ജനവാസ മേഖലയിൽ കടന്നത്. ജനവാസസ്ഥലത്തിന് സമീപം വനം വകുപ്പിന്റെ അക്കേഷ്യ പ്ലാന്റേഷനും കൊട്ടാരത്തിന്റെ ഭൂമിയിലും വനത്തിന് തുല്യമായി മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ ആനക്ക് പകലും ഇവിടെ തമ്പടിച്ചു നിൽക്കാൻ സാധിക്കും. വനം വകുപ്പ് അധികൃതർ ഈ മേഖലയിൽ പരിശോധന നടത്തുകയാണ്