ദീർഘദൂര റൂട്ടുകളിൽനിന്ന് ലിങ്ക് ബസുകൾ പിൻവലിക്കുന്നു
text_fieldsപീരുമേട്: ദീർഘദൂര റൂട്ടുകളിൽ സർവിസ് നടത്തിയിരുന്ന സീറ്റ് എണ്ണം കുറവുള്ള ലിങ്ക് ബസുകൾ പിൻവലിക്കുന്നു. 51 സീറ്റ് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിയിരുന്ന റൂട്ടുകളിൽ 38 സീറ്റ് ലിങ്ക് ബസുകൾ സർവിസ് ആരംഭിച്ചതോടെ സീറ്റ് എണ്ണം കുറവായതിനാൽ യാത്രക്കാർ ദുരിതത്തിലായിരുന്നു. ദീർഘദൂര യാത്രക്കാർ നിന്ന് യാത്ര ചെയ്യാൻ തയാറാകാത്തതിനാൽ വരുമാനവും കുറഞ്ഞു. ലിങ്ക് ബസുകളിലെ ദുരിതയാത്ര ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രിയുടെ യോഗത്തിൽ ലിങ്ക് ബസ് യാത്രയുടെ പരാതി പരിഗണിക്കുകയും ദീർഘദൂര റൂട്ടുകളിൽ ഇവ അനുയോജ്യമല്ലെങ്കിൽ ഒഴിവാക്കി 51 സീറ്റ് ബസുകൾ ഓടിക്കാനും ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ റൂട്ടുകളിൽ ലിങ്ക് ബസ് ഓപറേറ്റ് ചെയ്യാനും ലിങ്ക് ബസുകൾ ലഭിച്ച ഡിപ്പോകൾക്ക് ഇത്തരം റൂട്ടുകൾ ഇല്ലെങ്കിൽ മറ്റ് ഡിപ്പോകൾക്ക് ബസ് നൽകാൻ റിപ്പോർട്ട് നൽകാനും തീരുമാനമായിരുന്നു. ഇതേ തുടർന്ന് ലിങ്ക് ബസുകൾ ഓടിയിരുന്ന കൊല്ലം-കുമളി റൂട്ടിലും എറണാകുളം-തേക്കടി റൂട്ടിലെ ബസുകൾ പിൻവലിച്ച് 51 സീറ്റ് ബസുകൾ പുനരാരംഭിച്ചു.