മൂലമറ്റം-കോട്ടമല റോഡ്; സഞ്ചാരികൾക്ക് പുതുപ്രതീക്ഷ
text_fieldsമൂലമറ്റം-കോട്ടമല റോഡിന്റെ ദൃശ്യം
തൊടുപുഴ: സഞ്ചാരികൾക്ക് പ്രതീക്ഷയായി മൂലമറ്റം-കോട്ടമല റോഡ്. അറക്കുളം പഞ്ചായത്തിലെ മൂലമറ്റം-കോട്ടമല റോഡിന്റെ നവീകരണം ആരംഭിക്കുന്നതാണ് സഞ്ചാരികൾക്കടക്കം പ്രതീക്ഷയേകുന്നത്. റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ എറണാകുളത്തുനിന്ന് തേക്കടിയിലേക്കുള്ള ദൂരം 40 കിലോമീറ്റർ കുറയുമെന്നാണ് വിലയിരുത്തൽ. ഇതോടെ മണിക്കൂറുകളുടെ യാത്രാലാഭമുണ്ടാകും. ഇതുവഴിയുള്ള സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടാകും. തൊടുപുഴ പീരുമേട് താലൂക്കുകളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നുവെന്ന പ്രത്യേകതയും റോഡിനുണ്ട്.
റോഡ് പൂർത്തിയാകുന്നതോടെ 15 കിലോമീറ്ററോളം ലാഭിച്ച് ചോറ്റുപാറ-വാഗമൺ റോഡിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. പുതിയ റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ വടക്കൻ മേഖലകളിൽനിന്ന് തേക്കടിയടക്കമുള്ള വിനോദസഞ്ചാര മേഖലകളിലേക്ക് പോകുന്നതിന് 42 കിലോമീറ്റർ ലാഭിക്കാൻ കഴിയും. കോട്ടമല, ചക്കിമാലി, കപ്പക്കാനം, മുല്ലക്കാനം, ഉളുപ്പൂണി പ്രദേശത്തുള്ളവർക്ക് കുറഞ്ഞ ദൂരത്തിൽ മൂലമറ്റത്ത് എത്താൻ സാധിക്കും. കർഷകർക്ക് ഉൽപന്നങ്ങൾ പ്രധാന വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ഏറ്റവും ലാഭകരമായ റൂട്ടായി ഇതുമാറും.
രണ്ട് കിലോമീറ്റർ ടാറിങ്ങിന് നടപടിയായി
മൂലമറ്റം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അറക്കുളം നിവാസികളുടെ സ്വപ്നം സഫലമാകുന്നു. മൂലമറ്റം-കോട്ടമല റോഡിന്റെ അവസാന ഭാഗത്തെ രണ്ട് കിലോമീറ്റർ ദൂരത്തെ ടാറിങ്ങിന് നടപടിയായി. അശോക കവല മുതൽ മൂലമറ്റം വരെ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പണിയാനും മൂലമറ്റം കോട്ടമല റോഡിൽ അവസാനത്തെ രണ്ട് കിലോമീറ്റർ നിർമിച്ച് ഉളുപ്പൂണിയിൽ എത്തും.
റോഡ് പൂർത്തിയാകുന്നതോടെ കട്ടപ്പന, കുമളി പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ തൊടുപുഴയിൽ എത്താം. മൂലമറ്റത്തിന്റെ വികസനത്തിന് ഏറെ പ്രതീക്ഷയുള്ള റോഡാണിത്. അരനൂറ്റാണ്ട് മുമ്പ് ആരംഭിച്ച റോഡിന്റെ നിർമാണം ഇത്തവണയെങ്കിലും പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റോഡ് യാഥാർഥ്യമാകാൻ നാട്ടുകാർക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നു. 2000ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റോഡ് നിർമാണം ആരംഭിച്ചത്. എന്നാൽ, പ്രവൃത്തികൾ ഇടക്കുവെച്ച് മുടങ്ങി.
നിർമാണം തുടങ്ങിയത് 1978ൽ
1978ൽ നിർമാണം തുടങ്ങിയതാണ് മൂലമറ്റം-കോട്ടമല റോഡ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പലഘട്ടങ്ങളായി കോട്ടമല വരെ മൺ റോഡ് പൂർത്തിയാക്കി. തുടർന്ന് 2000ലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് നിർമാണം തുടങ്ങിയത്. രണ്ട് വർഷത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് കരാർ നൽകിയത്.
റോഡുപണി വർഷങ്ങളോളം നീണ്ടു. ഇതിനിടെ കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു. 10.3 കിലോമീറ്റർ റോഡ് നിർമിക്കാനാണ് കരാർ നൽകിയത്. ഇതിൽ രണ്ട് കിലോമീറ്റർ റോഡ് കൂടി പൂർത്തിയാക്കിയാൽ തൊടുപുഴ താലൂക്കിന്റെ അതിർത്തിയിലെത്താം. ഇവിടെനിന്നും പഴയ പഞ്ചായത്ത് റോഡാണ്. ഓഫ് റോഡ് ജീപ്പുകൾ ഓടി റോഡ് തകർന്ന് കിടക്കുകയാണ്. ഈ റോഡ് കൂടി പൂർത്തിയാക്കിയാൽ കോട്ടമല റോഡ് എന്ന സ്വപ്നം യാഥാർഥ്യമാകും.