പുതിയ ആർ.ആർ.ടിയുമില്ല, ഉള്ളതിൽ ജീവനക്കാരുമില്ല
text_fieldsപീരുമേട്: സംസ്ഥാനത്ത് വനം വകുപ്പിന് പുതിയ 20 റാപ്പിഡ് റെസ്പോൺസ് ടീമിനെ (ആർ.ആർ.ടി) നിയമിക്കാൻ തീരുമാനമായെങ്കിലും വന്യജീവിയാക്രമണം രൂക്ഷമായ പീരുമേടിന് അനുവദിച്ചില്ലെന്ന് പരാതി. പീരുമേട്, പെരുവന്താനം, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ വനമേഖല എരുമേലി റേഞ്ച് ഓഫിസിന്റെ പരിധിയിലാണുള്ളത്. ഈ റേഞ്ചിന്റെ കീഴിലാണ് പുതിയ ആർ.ആർ.ടി സംഘത്തെ ആവശ്യം.
പീരുമേട്ടിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി ടീം പെരിയാർ വെസ്റ്റ് ഡിവിഷന്റെ പരിധിയിലാണുള്ളത്. ഇവരുടെ സേവനമാകട്ടെ വണ്ടിപ്പെരിയാർ സത്രം മേഖലയിലാണ്. അടിയന്തര ഘട്ടങ്ങളിൽ പീരുമേട്, പെരുവന്താനം ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ സേവനം ലഭിക്കുന്നു എന്നു മാത്രം. ഈ സംഘത്തിലും വേണ്ടത്ര ജീവനക്കാർ ഇല്ല. ആർ.ആർ.ടിയുടെ പ്രവർത്തനത്തിന് ഫോറസ്റ്ററുടെ കീഴിൽ 12 ജീവനക്കാരാണ് വേണ്ടത്. ഒമ്പത് ജീവനക്കാരെയാണ് നിയമിച്ചത്. എന്നാൽ, ഇപ്പോൾ ആറ് ജീവനക്കാർ മാത്രമേയുള്ളു.
ഇതിൽ നാല് ഗാർഡ്മാരും രണ്ട് വാച്ചർമാരുമാണുള്ളത്. ഇവരെയും അഴുത, പമ്പ റേഞ്ചുകളിൽ നിന്ന് താൽക്കാലികമായി നിയമിച്ചതാണ്. പെരുവന്താനംപഞ്ചായത്തിലെ മതമ്പ, ചെന്നാപ്പാറ, പീരുമേട് പഞ്ചായത്തിലെ കുട്ടിക്കാനം, തട്ടാത്തിക്കാനം, തോട്ടപ്പുര, കല്ലാർ, പ്ലാക്കത്തടം, പീരുമേട് മേഖല എന്നിവിടങ്ങളിൽ ആനശല്യം രൂക്ഷമാണ്. ഈ സ്ഥലങ്ങളിൽ ഒരേസമയം ആന ഇറങ്ങുമ്പോൾ ആർ.ആർ.ടി സംഘത്തിന് ഏതെങ്കിലും ഒരിടത്തു മാത്രമേ എത്തിപ്പെടാൻ കഴിയൂ. സംഘം എത്തുന്നതുവരെ പ്രദേശവാസികൾ മുറ്റത്ത് നിൽക്കുന്ന ആനയെ കണ്ട് ഭയന്ന് വീടുകൾക്കുള്ളിൽതന്നെ കഴിയേണ്ടിവരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
എരുമേലി റേഞ്ചിന്റെ കീഴിൽ പീരുമേട് കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘത്തെ നിയമിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും വനംമന്ത്രിയും വനംവകുപ്പും അനുകൂല നടപടികൾ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് പരാതി.