പരുന്തുംപാറ സഞ്ചാരികളുടെ സ്വപ്ന ഭൂമി
text_fieldsപരുന്തുംപാറയിലെ കൊക്കയും മൂടൽമഞ്ഞും
പീരുമേട്: സദാ തണുത്ത കാറ്റും മൂടൽമഞ്ഞും വിരുന്നൊരുക്കുന്ന പരുന്തുംപാറ സഞ്ചാരികൾക്ക് വിരുന്നാണ്. പാറക്കെട്ടുകളും അഗാധ കൊക്കയും മൊട്ടക്കുന്നും സാഹസികതയുടെ അടയാളം. 3000 അടിയിലേറെ താഴ്ചയുള്ള കൊക്കയാണ് പ്രധാന ആകർഷണം. കൊക്കയുടെ മുകളിൽ വെള്ളമേഘം പോലെ മൂടൽമഞ്ഞ് നിറയുന്നു. വീശിയടിക്കുന്ന കാറ്റിൽ കൊക്കയുടെ കാഴ്ച അപ്രത്യക്ഷമാകും. ചെറിയ കാറ്റ് വീശുമ്പോൾ കൊക്ക വീണ്ടും തെളിയും.
പരുന്തുംപാറയുടെ പ്രധാന ആകർഷണം ഇതാണ്. കൊക്കയുടെ എതിർവശം നിബിഡവനമായ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ വിദൂരക്കാഴ്ച. വനത്തിനുള്ളിൽ മഴക്കാലത്ത് സജീവമാകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ട്. കൊക്കയുടെ വശത്തുള്ള പാറക്കെട്ടിൽ രവീന്ദ്രനാഥ ടാഗോറിന്റെ തല - താടി എന്ന രൂപത്തോട് സാദൃശ്യമുള്ള നീണ്ട പാറയും സ്ഥിതി ചെയ്യുന്നു. ടാഗോർ ഹെഡ് എന്നാണ് ഈ പാറ അറിയപ്പെടുന്നത്.
നിലം പറ്റി പുല്ലു തളിർത്തു നിൽക്കുന്ന മൊട്ടക്കുന്നിലെ പാറക്കെട്ടുകളിൽ വിശ്രമിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മലനിരകളിൽ ആഗസ്റ്റ് ആദ്യവാരം നീലക്കുറിഞ്ഞി വിഭാഗത്തിൽ പെട്ട മേട്ടുകുറിഞ്ഞിയും പൂ വിട്ടു.
മേട്ടു കുറിഞ്ഞി കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയത് റോഡ് ഗതാഗതം ആരംഭിച്ച 2002 ന് ശേഷമാണ്. ഇതിനു മുമ്പ് ഇടുങ്ങിയ വഴിയായിരുന്നു. ഇതു വഴി കല്ലുകൾക്ക് മുകളിലൂടെ ഫോർ വീൽ ഡ്രൈവുള്ള ജീപ്പുകൾ മാത്രമാണ് എത്തിയിരുന്നത്.
ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും 5000 ത്തിൽപരം പേരുണ്ടാകും പരുന്തുംപാറയിൽ. ഓണം- ക്രിസ്മസ് - മധ്യവേനൽ അവധിക്കാലത്തും പതിനായിരങ്ങളാണ് ഇങ്ങോട്ടൊഴുകുന്നത്. ശബരിമലയിൽ മകരജ്യോതി തെളിയുന്നത് ഇവിടെ നിന്ന് കാണാൻ സാധിക്കുന്നതിനാൽ മകരവിളക്ക് ദിവസം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരും ഇവിടേക്കെത്തുന്നു.
പരുന്തുംപാറക്ക് നാഥനില്ല
പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണ്. പീരുമേട്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുകൾ ഈ ഭൂമി പങ്കിടുന്നു. ഇവിടെ ഭാഗികമായി വികസന പ്രവർത്തനങ്ങൾ നടത്തുന്നത് പീരുമേട് ഗ്രാമപഞ്ചായത്താണ്. എന്നാൽ സഞ്ചാര കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഒരു വകുപ്പും പ്രവർത്തിക്കുന്നില്ല.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരുമില്ല. ഡി.ടി.പി.സിയുടെ ഗാർഡുമാരെയും കാണാനില്ല. പൊലീസും സ്ഥലത്തുണ്ടാകാറില്ല.
കൊക്കയിൽ വീണ് സഞ്ചാരികൾക്ക് പരിക്കേൽക്കുന്ന സന്ദർഭങ്ങളിൽ മണിക്കുറുകൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പീരുമേട്ടിൽ നിന്നെത്തുന്ന അഗ്നിരക്ഷാ സേന അംഗങ്ങളും സമീപവാസികളും സാഹസികമായാണ് കൊക്കയിൽ വീണവരെ മുകളിൽ എത്തിച്ച് രക്ഷിക്കുന്നത്. ശനി,ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും പൊലീസ് ഡ്യൂട്ടി വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ എത്തുന്ന ഇവിടെ സംഘർഷങ്ങളും പതിവാണ്. ഈ സമയങ്ങളിൽ പീരുമേട്ടിൽ നിന്ന് പൊലീസ് എത്തിയാണ് നിയന്ത്രിക്കുന്നത്.
ഡി.ടി.പി.സി പട്ടികയിലും പുറത്ത്; പൊലീസുമില്ല
അവധി ദിവസങ്ങളിൽ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം ഡി.ടി.പി.സി.പുറത്ത് വിടുമ്പോൾ പരുന്തുംപാറ ഉൾപ്പെടാറില്ല. ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം ശേഖരിക്കാൻ സാധിക്കാത്തതിനാൽ എണ്ണം മറ്റൊരു വകുപ്പിന്റെ കൈവശവുമില്ല. മകരവിളക്ക് ദിവസം ഇവിടെ എത്തുന്ന ശബരിമല തീർഥാടകരുടെ എണ്ണം പൊലീസ് സ്പെഷൽ ബ്രാഞ്ച് ശേഖരിക്കുന്നത് മാത്രമാണ് ഏക കണക്കെടുപ്പ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൽ കണക്കിലെടുക്കാഞ്ഞിട്ടും സഞ്ചാരികൾക്ക് കുറവില്ല. പരുന്തുംപാറയിൽ പെട്ടി കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.65 ൽ പരം കടകളുണ്ട്. നിയമാനുസൃത രേഖകൾ ഇല്ലാതെ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന ഇത്തരം കടകളിൽ അമിത വില ഈടാക്കി സഞ്ചാരികളെ ചൂഷണം ചെയ്യുന്നു. ചില കടക്കാർ സഞ്ചാരികളോട് മോശമായി ഇടപെടുന്നതായും പരാതിയുണ്ട്. ജങ്ഷനുകളിൽ പെട്ടി വണ്ടിയിൽ 10 രൂപക്ക് വിൽക്കുന്ന നിലക്കടല വറുത്ത പൊതിക്ക് ഇവിടെ 20 രൂപ നൽകണം.
പരുന്തുംപാറയിലേക്കുള്ള വഴി
ദേശീയപാത 183ൽ പഴയ പാമ്പനാറിന് സമീപം കല്ലാർകവലയിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ പരുന്തുംപാറയിൽ എത്താം. ടാർവിരിച്ച ഗതാഗത യോഗ്യമായ വഴി ഉള്ളതിനാൽ എല്ലാ വാഹനങ്ങൾക്കും ഇവിടെ എത്താൻ സാധിക്കും. ഡി.ടി.പി.സി ഉൾപ്പെടെ വിനോദസഞ്ചാര മേഖലക്ക് പ്രാതിനിധ്യം നൽകുന്ന വകുപ്പുകൾ പരുന്തുംപാറയെ ശ്രദ്ധിച്ചാൽ ജില്ലയിലെ പ്രധാന സഞ്ചാര കേന്ദ്രമായി മാറും. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സ്വകാര്യ സംരംഭകർ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമായി റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഭക്ഷണശാലകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയും പരുന്തുംപാറയിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. വിവിധ ഡിപ്പോകളിൽ നിന്ന് അവധി ദിവസങ്ങളിൽ അഞ്ച് ബസുകൾ എത്തുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രണ്ട് ബസുകൾ എല്ലാ ദിവസവും ഗവി - പരുന്തുംപാറ ഉല്ലാസയാത്ര നടത്തുന്നുണ്ട്.
മാലിന്യക്കൂമ്പാരമായി മാറിയ സുന്ദര ദേശം
സഞ്ചാരികളുടെ എണ്ണം കൂടും തോറും പരുന്തുംപാറയിലെ മാലിന്യവും വർധിക്കുകയാണ്. സഞ്ചാരികൾ കൊണ്ടുവരുന്ന ഭക്ഷണ പൊതികൾ., ഭക്ഷണ അവശിഷ്ടങ്ങൾ, പേപ്പർ കപ്പുകൾ, കുടിവെള്ളക്കുപ്പികൾ, മദ്യക്കുപ്പികൾ എന്നിവ പാറക്കെട്ടുകളിലും പുൽമേടുകളിലും കടകൾക്ക് സമീപവും കൂടിക്കിടക്കുന്ന സ്ഥിതിയാണ്. എല്ലാവർഷവും സന്നദ്ധ സംഘടനകളും സമീപത്തെ കോളജ് വിദ്യാർഥികളും ടൺ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് താഴെയുള്ള വനത്തിലേക്കും പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യങ്ങൾ വലിച്ചെറിയുന്നു. പരുന്തുംപാറയെ പ്ലാസ്റ്റിക്ക് വിമുക്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഇവിടെ എത്തുന്ന സഞ്ചാരികളും വർഷങ്ങളായി ആവശ്യപ്പെടുന്നു.