ഒളിച്ചുകളിച്ച് ഫോറൻസിക് സർജൻ; പോസ്റ്റ്മോർട്ടം മുടങ്ങുന്നു
text_fieldsപീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജൻ ജോലിക്ക് എത്താത്തതിനാൽ പോസ്റ്റ് മോർട്ടം മുടങ്ങുന്നത് പതിവായി. ഇതോടെ ഇവിടെ നിന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഇത് ബന്ധുക്കൾക്ക് അധിക സാമ്പത്തിക ചിലവും സമയനഷ്ടവും വരുത്തുന്നു. വർക്കിങ്ങ് അറേജ്മെന്റിൽ ഒരു വർഷത്തിലധികമായി ഇവിടെ ഫോറൻസിക് സർജന്റെ സേവനം ലഭിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഫോറൻസിക് സർജൻ ആശുപത്രിയിൽ എത്തുന്നില്ല. ഇദ്ദേഹം അവധി എടുത്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നു. പോസ്റ്റ് മോർട്ടം ചുമതല ഫോറൻസിക് സർജന് നൽകി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് ഉള്ളതിനാൽ മറ്റ് ഡോക്ടർമാർക്ക് ചെയ്യാൻ സാധിക്കുന്നില്ല. ഫോറൻസിക് സർജനെ നിയമിക്കുന്നതിന് മുമ്പ് മറ്റ് ഡോക്ടർമാരാണ് പോസ്റ്റ് മോർട്ടം ചെയ്തിരുന്നത്.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മോർട്ടം ചെയ്യുന്നതിലും സൗകര്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതാണ്. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളജിലേക്കാണ് അയക്കുന്നത്. കോട്ടയത്ത് പോസ്റ്റ് മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഓട്ടോ ഡ്രൈവറുടെ മൃതദേഹം ഇടുക്കിയിൽ എത്തിച്ചാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ഇത് മൂലം നടപടി ക്രമങ്ങൾ ഒരു ദിവസത്തോളം വൈകി.
ഫോറൻസിക് സർജൻ രണ്ട് മാസത്തിലധികമായി അനധികൃതമായി ആശുപത്രിയിൽ എത്താതിരിക്കുന്നതിനാൽ പോസ്റ്റ് മോർട്ടം ചുമതല മറ്റ് ഡോക്ടർമാർക്ക് നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.