കരുതലിന്റെ കരമായി; ആനവണ്ടിയെ ആദരിച്ച് വിദ്യാർത്ഥികൾ
text_fieldsയാത്രക്കാരായ കുട്ടികൾ ബസിലെ ജീവനക്കാരെ ആദരിക്കുന്നു.
പീരുമേട്: തങ്ങളുടെ ഗ്രാമത്തിലേക്ക് മുടങ്ങാതെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ ആദരിച്ച് സ്കൂൾ വിദ്യാർത്ഥികൾ. ഉൾനാടൻ ഗ്രാമമായ കണയംങ്കവയിലേക്ക് സർവീസ് നടത്തുന്ന എരുമേലി ഡിപ്പോയിലെ ജീവനക്കാരെയാണ് കണയംങ്കവയൽ സെന്റ് മേരീസ് യു.പി .സ്ക്കുളിലെ കുട്ടികൾ ആദരിച്ചത്. ഇവർ വീട്ടിൽ നിന്നെത്തിച്ച ഉച്ചഭക്ഷണം ജീവനക്കാർക്ക് നൽകുകയും അവരോടൊപ്പമിരുന്ന് കഴിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഗ്രാമത്തിലേക്ക് മുടങ്ങാതെ സർവീസ് നടത്തുന്നത്. മുറിഞ്ഞപുഴ മുതൽ കണയംങ്കുവയൽ വരെയുള്ളദൂരത്തിൽ സ്ഥിരമായി യാത്ര ചെയ്യുന്ന കുട്ടികൾ ചേർന്നാണ് ജീവനക്കാർക്ക് ആദരവ് നൽകിയത്. പത്ത് വർഷമായി ഈ ബസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തോമസും കണ്ടക്ടർ ജോഷിമാരും ഇവർക്ക് അങ്കിൾമാരാണ്. കുട്ടികളിൽ ആരെങ്കിലും ഒരു ദിവസം വന്നില്ലെങ്കിൽ പിറ്റെന്ന് കാണുമ്പോൾ ഇന്നലെ കണ്ടില്ലല്ലോ, എവിടെയായിരുന്നു എന്ന് ചോദിക്കുന്ന ജീവനക്കാരെ മറ്റെവിടെയെങ്കിലും കാണാനാകുമോ എന്ന കാര്യം സംശയമാണ്. കുട്ടികളെ കൈപിടിച്ച് കയറ്റുകയും ബാഗുകൾ എടുത്തു നൽകുന്നതും ഇവർ തന്നെയാണ്. അധ്യായന ദിവസങ്ങൾ അവസാനിക്കാൻ ദിവസങൾ മാത്രം ബാക്കിയിരിക്കെ ജീവനക്കാരെ ആദരിക്കാൻ കുട്ടികൾ തീരുമാനിച്ചപ്പോൾ ഹെഡ് മാസ്റ്റർ സി: ലിനറ്റ്, അധ്യാപികമാരായ സി. റീന, സി. ജിസ്ന, സി. ആൻസിയ, ലിജി ബിനോ എന്നിവരുടെ നേത്യത്വത്തിൽ കുട്ടികൾക്ക് വേണ്ട പ്രാത്സാഹനവും നൽകി. സ്കൂൾ മുറ്റത്ത് ചേർന്ന യോഗത്തിൽ രക്ഷിതാക്കളും പങ്കെടുത്തു.


