വാഴൂർ സോമൻ; വിടവാങ്ങിയത് ആദ്യകാല ട്രേഡ് യൂനിയൻ നേതാവ്
text_fieldsപീരുമേട്ടിൽ നെല്ലിമല-ആറ്റോരം റോഡ് ഉദ്ഘാടനം ചെയ്യുന്ന വാഴൂർ സോമൻ എം.എൽ.എ. മണ്ഡലത്തിലെ ഇദ്ദേഹത്തിന്റെ അവസാന പരിപാടിയായിരുന്നു
പീരുമേട്: താലൂക്കിലെ ആദ്യകാല ട്രേഡ് യൂനിയൻ നേതാക്കളിലെ അവകാനകണ്ണിയും വിട വാങ്ങി. 1976 മുതൽ സി.പി.ഐയുടെ ട്രേഡ് യൂനിയൻ സംഘടനയായ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂനിയന്റെ ജനറൽ സെക്രട്ടറിയായും ഇപ്പോൾ പ്രസിഡന്റുമാണ്. പ്ലാന്റേഷൻ ലേബർ ആക്ട് മുഴുവൻ കാണാപാഠമായിരുന്നു. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് സഹായമായിരുന്നു.
തൊഴിൽ വകുപ്പ് തോട്ടം ഉടമകളുമായി ചർച്ച നടത്തുമ്പോൾ സോമന്റെ സാന്നിധ്യം തൊഴിലാളികൾക്ക് ഏറെ സഹായമായിരുന്നു. 1970കളിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ച പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളിൽ ജീവിച്ചിരുന്ന ഏകവ്യക്തിയായിരുന്നു. മുൻ എം.എൽ.എ കെ.കെ. തോമസ്, ബി.കെ. നായർ, കെ.എസ്. കൃഷ്ണൻ, പി.എ. ജോസഫ്, എസ്.സി. അയ്യാദുരൈ, ടി.എൻ.ജി. പണിക്കർ, കെ.കെ. നീലാബരൻ തുടങ്ങിയവരെല്ലാം വർഷങ്ങൾക്ക് മുമ്പ് മൺമറഞ്ഞു.
തൊഴിലാളികളുടെ സ്വന്തം വാഴൂർ
1974ൽ കോട്ടയം ജില്ലയിലെ വാഴൂരിൽനിന്ന് എ.ഐ.എസ്.എഫ് പ്രവർത്തകനായാണ് പീരുമേട്ടിലേക്ക് വാഴൂർ സോമൻ എത്തുന്നത്. പാമ്പനാറ്റിലെ തേയിലത്തോട്ടത്തിലെ ജീവനക്കാരനായിരുന്ന ജ്യേഷ്ഠനൊപ്പം ലാഡ്രം തേയിലത്തോട്ടത്തിലായിരുന്നു താമസം. തൊഴിലാളികളുടെ ജീവിതം നേരിട്ട് മനസ്സിലാക്കിയ സോമൻ ട്രേഡ് യൂനിയൻ പ്രവർത്തനത്തിലേക്ക് ഇറങ്ങി.
തുടർന്ന് പീരുമേട്ടിലെ പാർട്ടി ഓഫിസിൽ താമസിച്ചായിരുന്നു സംഘടന പ്രവർത്തനം. 1978ൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂനിയന്റെ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നീണ്ട 40 വർഷം പദവിയിൽ തുടർന്ന വാഴൂർ 2018ൽ മുതിർന്ന നേതാവ് സി.എ. കുര്യന്റെ പിൻഗാമിയായി യൂനിയന്റെ പ്രസിഡന്റായി.
മാനേജ്മെന്റുകൾ തൊഴിലാളികൾക്ക് നൽകുന്ന നോട്ടീസുകൾക്ക് അതതു ദിവസം തന്നെ മറുപടി എഴുതി തയാറാക്കുന്നതായിരുന്നു ശീലം. സമരമുഖങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ തുടർന്ന് നിരവധി കേസുകളിൽ ഉൾപ്പെട്ടു.