പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാന
text_fieldsപീരുമേട് സർക്കാർ അതിഥി മന്ദിരത്തിന് സമീപം ഇറങ്ങിയ കാട്ടാന
പീരുമേട്: പീരുമേട് ടൗണിന് സമീപം കാട്ടാന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. പീരുമേട്-ട്രഷറി ഓഫിസ്-കുട്ടിക്കാനം റോഡിൽ സർക്കാർ അതിഥി മന്ദിരത്തിന് സമീപമാണ് പിടിയാന റോഡിൽ ഇറങ്ങിയത്.
2023 മാർച്ച് മുതൽ രണ്ട് വർഷമായി പിടിയാന മേഖലയിൽ സ്ഥിരം എത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയിൽ തോട്ടാപ്പുരയിലും ആന എത്തിയിരുന്നു. വനം വകുപ്പ് അധികൃതരും പ്രദേശവാസികളും ചേർന്ന് ആനയെ ജനവാസ കേന്ദ്രത്തിൽനിന്ന് തുരത്തിയിരുന്നു.
കൃഷിഭൂമിയിൽ ഇറങ്ങി നാശം സൃഷ്ടിക്കുന്ന പിടിയാന ജനജീവിതത്തിന് ഭീഷണിയാണ്. തട്ടാത്തിക്കാനത്തെ ജനവാസ മേഖലയിൽ ഇറങ്ങുന്നതും ഈ പിടിയാനയാണ്.
ഒറ്റക്കൊമ്പൻ പരിക്കേറ്റ നിലയിൽ
മൂന്നാർ: മൂന്നാറിൽ പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി. ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനക്കാണ് പരിക്കേറ്റത്. കല്ലാറിലാണ് ആനയെ കണ്ടെത്തിയത്. ഇടത് മുൻകാലിലെ മുട്ടിനു മുകളിലാണ് മുറിവ്. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുണ്ടായ പരിക്കാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുമ്പ് പടയപ്പയും ഒറ്റക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
മുൻകാലിൽ പരിക്കേറ്റ ഒറ്റക്കൊമ്പൻ എന്ന കാട്ടാന
വെറ്ററിനറി സർജൻ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. വനം വകുപ്പിലെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരുകയാണ്.
ചോറ്റുപാറയില്‍ പുലിയെന്ന് നാട്ടുകാർ; പൂച്ചപ്പുലിയെന്ന് വനം വകുപ്പ്
നെടുങ്കണ്ടം: രാമക്കല്‍മേട് ചോറ്റുപാറയില്‍ വീണ്ടും പുലി ഇറങ്ങിയതായി പ്രദേശവാസികള്‍. പുലിയല്ല പൂച്ചപ്പുലിയെന്ന് വനം വകുപ്പ്. ചോറ്റുപാറ വട്ടുപാറയിലെ വീടിന്റെ മുറ്റത്തിന് താഴെത്തെ വഴിയില്‍ പുലി എത്തിയതായാണ് വീട്ടുടമ കമറും കുടുംബവും പറയുന്നത്.
വെള്ളിയാഴ്ച രാത്രി 8.15ന് കമറിന്റെ ഭാര്യയും മക്കളും വീടിന്റെ മുറ്റത്ത് സംസാരിച്ച് നില്‍ക്കവെയാണ് വഴിക്ക് തൊട്ടപ്പുറത്ത് വെസ്റ്റുപാറ-കുരുവിക്കാനം മെയിന്‍ റോഡിലേക്ക് പുലി കയറിപ്പോകുന്നത് കണ്ടത്. ഉടൻ അയല്‍വാസികളെ അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചു. കല്ലാര്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി പുലിയല്ല പൂച്ചപ്പുലിയാണെന്നും ഭയപ്പെടേണ്ടതില്ലെന്നും അറിയിച്ചതായും പറഞ്ഞു.
എന്നാല്‍, പുലി ഇറങ്ങിയതായുള്ള സംശയത്തിലാണ് ജനങ്ങള്‍. രണ്ടാഴ്ച മുമ്പ് ചോറ്റുപാറയില്‍ മറ്റൊരാള്‍ പുലിയെ കണ്ടതായി പറയപ്പെടുന്നു. മുമ്പ് ചോറ്റുപാറയില്‍ പുലി ഇറങ്ങിയതായി പ്രചാരണം ഉണ്ടായിരുന്നു.
ചോറ്റുപാറ ചില്ലുപാറ കണ്ടത്തില്‍ കെ.പി. അനിലിന്റെ ആടിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ചോറ്റുപാറ സ്വദേശി സുബാഷിന്റെ വീടിന്റെ പരിസരത്താണ് അന്ന് പുലിയുടേതെന്നു കരുതുന്ന കാൽപട് കണ്ടത്. ആശങ്കവേണ്ടെന്നും വെള്ളിയാഴ്ച കണ്ടത് പൂച്ചപ്പുലിയാണെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.